അച്ഛന്റെ ശബ്ദം ഭിത്തിക്കപ്പുറത്തുനിന്ന് കേട്ടപ്പോൾ കുഞ്ഞ് ധ്രുവ് തലപൊക്കി നോക്കി

ഭർത്താവ്‌ സൂരജ്‌ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഉത്രയുടെ മകനാണ്‌ ഒരു വർഷവും ഒരു മാസവും പ്രായമുള്ള കിച്ചു എന്ന ധ്രുവ്‌. അമ്മയെ നഷ്ടപ്പെട്ടന്നോ അച്ഛൻ ജയിലിലാണെന്നോ ആ കുഞ്ഞിന് അറിയില്ല.. അച്ഛനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമ്പോൾ ഒരു ഭിത്തിക്കപ്പുറെ അമ്മാമ്മയുടെ ഒക്കത്തിരുന്ന് കുഞ്ഞ് ധ്രുവ് അച്ഛന്റെ സ്വരം കേട്ടു. സൂരജിന്റെ ശബ്ദം കേട്ടപ്പോൾ ഇടയ്ക്ക് കുഞ്ഞ് തലപൊക്കി നോക്കുന്നുണ്ടായിരുന്നു. എന്നാൽ സൂരജിന്റെ അടുത്തേക്ക് കൊണ്ടുപോകാൻ ആരും തുനിഞ്ഞില്ല.

കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിൽ ആഭരണങ്ങൾ തിരിച്ചറിയുന്നതിനായി ഉത്രയുടെ അമ്മ മണിമേഖലയും സഹോദരൻ വിഷു വിജയസേനനും ഇറങ്ങിയപ്പോൾ ഒപ്പം കൂട്ടിയതാണ് ധ്രുവിനെ. തൊട്ടപ്പുറത്തെ മുറിയിലാണ് സൂരജിനെ ചോദ്യം ചെയ്തത്. ആഭരണങ്ങൾ തിരിച്ചറിഞ്ഞശേഷം തിരികെ മടങ്ങാനായി കാറിൽ കയറിപ്പോഴും അമ്മാമ്മയുടെ മടിയിലിരുന്ന് ധ്രുവ് എല്ലാവർക്കും ടാറ്റാ നൽകി.

അച്ഛൻ സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽനിന്ന്‌ അഞ്ചൽ പൊലീസാണ്‌ ധ്രുവിനെ അമ്മ ഉത്രയുടെ ഏറത്തെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നത്. ഉത്രയുടെ മരണം കഴിഞ്ഞ്‌ അഞ്ചാംനാൾ ബന്ധുക്കൾ കൂടിയിരിക്കുമ്പോൾ ധ്രുവിനെ കിച്ചുവെന്നു‌ വിളിക്കണമെന്ന്‌ സൂരജ്‌ ആവശ്യപ്പെട്ടെന്നും അത്‌ തങ്ങൾ അംഗീകരിച്ചെന്നും മുത്തച്ഛൻ വിജയസേനൻ നേരത്തെ പറഞ്ഞിരുന്നു. ഉത്രയുടെ വിളിപ്പേര്‌ റിച്ചുവെന്നും സഹോദരന്റേത്‌ ബിച്ചു എന്നുമാണ്‌. കൊച്ചുമകനുവേണ്ടിയണ് ഇനി ഞങ്ങളുടെ ജീവിതമെന്ന് അമ്മ മണിമേഖല പറഞ്ഞിരുന്നു

അച്ചൻ ഘാതകനാണെന്നോ അമ്മ മരിച്ചുപോയെന്നോ അറിയാതെ കളിചിരിയോടെ ദിനങ്ങൾ തള്ളുകയാണ് ധ്രുവ്.