മൂന്നുവർഷത്തെ കാത്തിരുപ്പിനൊടുവിൽ വിവാഹം, ഭാര്യയുടെ മരണത്തിൽ ഏകമകനെ നെഞ്ചോടടുക്കി പൊട്ടിക്കരഞ്ഞ് സന്തോഷ്‌.

ഇസ്രയേലിൽ മരിച്ച മലയാളി നഴ്സ് സൗമ്യയുടെ മരണത്തിന്റെ നടുക്കത്തിലാണ് ഇടുക്കി കീരിത്തോട്‌ സ്വദേശികൾ. സൗമ്യയുടെയും ഭർത്താവ് സന്തോഷിന്റെയും വീടുകൾ അടുത്തടുത്താണ്. ഏകമകനും ഭർത്താവുമൊത്ത് നാട്ടിലെത്തി സുഖമായി ജീവിക്കാമെന്ന സ്വപ്നമാണ് സൗമൃയുടെ മരണത്തോടെ പൊലിഞ്ഞത്.

കഴിഞ്ഞ പത്തുവർഷമായി സൗമ്യ അഷ്കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. 80 വയസുള്ള ഇസ്രയേലി വയോധികയെ പരിചരിക്കുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. നാട്ടിൽ സ്‌ഥലം വാങ്ങി വീടു വച്ച്‌ കുടുംബത്തോടൊപ്പം കഴിയാൻ തീരുമാനിച്ചിരുന്നു. ആറു മാസത്തിനു ശേഷം നാട്ടിലേക്കു പോരുമെന്നാണു സൗമ്യ അറിയിച്ചിരുന്നത്‌.

കീരിത്തോട് പുത്തൻപുരയ്ക്കൽ സതീശന്റെയും സാവിത്രിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളായിരുന്നു സൗമ്യ. സജേഷ് സഹോദരനും സനുപ്രിയ അനുജത്തിയുമാണ്. കഞ്ഞിക്കുഴി എസ്എൽ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. മൂന്നു വർഷത്തെ പ്രണയത്തിനുശേഷം 2010 മേയ് 31 നു ആയിരുന്നു സൗമ്യയുടെയും ബാല്യകാല സുഹൃത്തുമായിരുന്ന സന്തോഷിന്റെയും വിവാഹം കീരിത്തോട് നിത്യസഹായ മാതാ പള്ളിയിൽ നടന്നത്. ഇരു മതവിഭാഗത്തിൽ പെട്ടവരായിരുന്നെങ്കിലും രണ്ടു കുടുംബങ്ങൾക്കും വിവാഹത്തിന് പൂർണ സമ്മതമായിരുന്നു. സന്തോഷിന്റെ സഹോദരി ഷേർളിയും ബന്ധുവായ ജോമോനും ഇസ്രയേലിൽ ജോലി ചെയ്യുന്നുണ്ട്‌. അവരാണു മരണവിവരം നാട്ടിലറിയിച്ചത്‌. ഒൻപതു വയസുള്ള ഏകമകൻ അഡോണിനെ നെഞ്ചോടടുക്കി കരയുകയാണു സന്തോഷ്‌.

സൗമ്യയുടെ മൃതശരീരം അവിടുത്തെ ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ ഏറ്റുവാങ്ങി. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ചൊവ്വാഴ്‌ചയോടെ നാട്ടിലെത്തിക്കാനാകുമെന്നാണു സൂചന.വിവരമറിഞ്ഞ്‌ മന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, ഡീൻ കുര്യാക്കോസ്‌ എം.പി, റോഷി അഗസ്‌റ്റിൻ എം.എൽ.എ. തുടങ്ങിയവർ സൗമ്യയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നേതാക്കൾ ഇടപെടുന്നുണ്ട്‌. സൗമ്യയുടെ നഷ്‌ടപരിഹാരം നേടിയെടുക്കാനായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം നോർക്ക ഇടപെട്ടിട്ടുണ്ട്‌. ഇസ്രയേൽ എംബസി ഉദ്യോഗസ്‌ഥരും സൗമ്യയുടെ ബന്ധുക്കളുമായി സംസാരിക്കുന്നുണ്ട്‌.