ലിനിയെ അവസാനം ആരെയും കാണിക്കാതിരുന്നത് നല്ല കാര്യം, എന്റെ മനസിൽ ലിനി ദൈവമാണെന്ന് പ്രതിഭ

സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് കഴിഞ്‍ഞ ദിവസമാണ് വീണ്ടും വിവാഹിതനായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ വളരെ ലളിതമായിരുന്നു ചടങ്ങുകൾ നടന്നത്. ദിവസങ്ങൾക്ക് മുൻപാണ് തന്റെ മക്കൾക്ക് അമ്മയായി പ്രതിഭയെത്തുന്ന വിവരം സജീഷ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയാണ് പ്രതിഭ.

ഇപ്പോളിതാ ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്ക് കുടുംബസമേതമായെത്തിയിരിക്കുകയാണ് സജീഷ്. ലിനിയെക്കുറിച്ച് സജീഷ് പറഞ്ഞതിങ്ങനെ, എത്രയും പെട്ടെന്ന് അത് നല്ല രീതിയിൽ സംസ്‌കരിക്കണം എന്ന് തന്നെയായിരുന്നു. അത് അവരെയൊന്നും കാണിക്കാതിരുന്നത് ഞാൻ ചെയ്ത ഏറ്റവും നല്ല കാര്യമായാണ് ഞാൻ ഇന്നും വിചാരിക്കുന്നത്. ലിനിയെ ആ ഒരു മുഖത്തോട് കൂടി അമ്മയോ മക്കളോ കണ്ടിട്ടുണ്ടാവില്ല. അവസാന നാളുകളിലെ ലിനിയെ കാണാൻ പറ്റില്ലായിരുന്നു. ഓർമ്മകളിൽ എപ്പോഴും ആ ചിരിച്ച മുഖം തന്നെയാണ് ഉള്ളത്

ഒരുപാടൊരുപാട് ഓർമ്മകൾ തന്നിട്ടാണ് ലിനി പോയിട്ടുള്ളത്. അമ്മ സ്വർഗത്തിലാണെന്ന് മൂത്ത മകൻ ഇളയ മകനോട് പറഞ്ഞുകൊടുക്കാറുണ്ട്. ആകാശത്തിന് മേലെയാണ്, വിമാനത്തിൽ പോയാൽ നമുക്ക് അവിടെ എത്താനാവില്ല. അതിന്റെയും മുകളിലാണ് എന്നാണ് അവൻ പറയാറുള്ളത്. എല്ലാവരുടേയും മനസിൽ മാലാഖയാണെങ്കിൽ എന്റെ മനസിൽ ദൈവമാണ് ലിനി എന്നായിരുന്നു പ്രതിഭ പറഞ്ഞത്.

നിപായ്ക്കെതിരെ പോരാടി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന സിസ്റ്റർ ലിനി ഇന്നും കേരള സമൂഹത്തിൻറെ നൊമ്പരമാണ്. നിപാ ബാധിതരെ മറ്റൊന്നും നോക്കാതെ ശുശ്രൂച്ചാണ് ലിനി മരണത്തിലേക്ക് പോയത്. അന്ന് ആശുപത്രികിടക്കയിൽ കിടന്നുകൊണ്ട് ലിനി എഴുതിയ കത്ത് അന്ന് ഏറെ ഹൃദയസ്പർശിയായിരുന്നു. ‘സജീഷേട്ടാ, ഞാൻ പോകുകയാണ്, നമ്മുടെ മക്കളെ നന്നായി നോക്കണേ’- എന്നായിരുന്നു ലിനി കുറിച്ചത്. ലിനി മരിക്കുമ്പോൾ ഗൾഫിലായിരുന്ന സജീഷ് ഉടൻതന്നെ നാട്ടിലെത്തി. സജീഷിന് പിന്നീട് സർക്കാർ ജോലി നൽകി.

ആരോഗ്യപ്രവർത്തകർക്ക് ആകെ മാതൃകയായ വ്യക്തിത്വമായിരുന്നു സിസ്റ്റർ ലിനിയുടേത്. നൊമ്പരത്തോടെ ഓർക്കുമ്പോൾ തന്നെ, മലയാളികൾ ഏറെ സ്നേഹത്തോടെയും ആദരവോടെയുമാണ് സിസ്റ്റർ ലിനിയുടെ കുടുംബത്തെ കണ്ടിരുന്നത്. റിതുൽ, സിദ്ധാർത്ഥ്‌ എന്നിവരാണ് സജീഷ്-ലിനി ദമ്പതികളുടെ മക്കൾ.