ഞങ്ങള്‍ക്ക് വേണ്ടി ജീവിക്കുകയായിരുന്നു അമ്മ, അതുകൊണ്ടാണ് എന്നും അമ്മയെ ചേര്‍ത്തുപിടിച്ചത്, ശ്രാവണ്‍ മുകേഷ് പറയുന്നു

നടന്‍ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവണ്‍ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും വലുതുമായ പല കഥാപാത്രങ്ങളും അവതരിപ്പിച്ചു. 2018ല്‍ പുറത്തിറങ്ങിയ കല്യാണം എന്ന ചിത്രത്തിലൂടെയാണ് താരപുത്രന്‍ നായകനായി എത്തിയത്. അഭിനേതാവ് എന്നതിലുപരി ഇന്ന് ഒരു ഡോക്ടര്‍ കൂടിയാണ് ശ്രാവണ്‍. കുടുംബ സമേതം ദുബൈയിലാണ് ശ്രാവണിന്റെ ജീവിതം. 1998ലാണ് മുകേഷും സരിതയുമായുള്ള വിവാഹം നടക്കുന്നത്. 2011ല്‍ ഇരുവരും ബന്ധം പിരിയുകയും ചെയ്തു. ശ്രാവണിനൊപ്പം ദുബായിലാണ് അമ്മ സരിതയും താമസിക്കുന്നത്. കോവിഡ് കാലത്ത് ആരോഗ്യരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ശ്രാവണിന് കഴിഞ്ഞ ദിവസം യുഎഇ ഗവണ്‍മെന്റ് ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ പല ആരോഗ്യ പ്രവര്‍ത്തകരും കൃത്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി എത്തിയിരുന്നു. ഇവരില്‍ ഒരാളായി ശ്രാവണുമുണ്ടായിരുന്നു. റാസല്‍ഖൈമയിലെ കോവിഡ് പോരാളിയാണ് ശ്രാവണ്‍. ആദ്യ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ആരോഗ്യമേഖലയില്‍ രോഗികളെ ശുശ്രൂഷിക്കാനായിരുന്നു ശ്രാവണിന്റെ തീരുമാനം. ഈ സമയത്ത് പ്രധാന്യം നല്‍കേണ്ടത് കൊവിഡ് സേവനത്തിനാണന്നായിരുന്നു അമ്മ സരിത തന്നോട് പറഞ്ഞതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ ശ്രാവണ്‍ വ്യക്തമാക്കി. ഡോക്ടറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ശ്രാവണ്‍ അഭിനയത്തിലും പരീക്ഷണം നടത്തിയത്. കൊവിഡ് കാലമായതോടെ ഉറക്കം പോലും മാറ്റിവെച്ച് സേവനത്തിനായി ഇറങ്ങിയിരുന്നുവെന്നും ശ്രാവണ്‍ പറയുന്നു. വിശദമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാത്രമാണ് കൊവിഡ് രോഗിക്ക് ചികിത്സ നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു.

‘രോഗിയെ രക്ഷിക്കാനാവശ്യമായ കാര്യം എന്താണോ അത് പെട്ടെന്ന് ചെയ്യണം. ചികിത്സ നല്‍കി പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്താലേ ബെഡ് ഫ്രീയാവുള്ളൂ. എന്നാലേ വേറെ പേഷ്യന്‍സിന് ചികിത്സ നല്‍കാനാവൂ. ഇപ്പോള്‍ അഭിനയമല്ല വേണ്ടതെന്ന് പറഞ്ഞത് മമ്മിയാണ്. ജനങ്ങളെ സേവിക്കാനുള്ള അവസരമാണ്. കൊവിഡ് അതിജീവനത്തിനുള്ള പോരാട്ടത്തില്‍’ പങ്കാളിയായത് അങ്ങനെയാണ്.-ശ്രാവണ്‍ പറഞ്ഞു.

‘റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങള്‍ വരെ ശ്രാവണിന് അരികിലേക്ക് ചികിത്സ തേടി എത്തിയിരുന്നു. തിരക്കുള്ള സമയത്തായിരുന്നു അവര്‍ വന്നത്. എന്റെ സമയം വരുമ്പോള്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് വെയ്റ്റിങ്ങ് റൂമിലേക്ക് പോവുകയായിരുന്നു. ആ മര്യാദ എല്ലാവരും കണ്ടുപഠിക്കേണ്ടതാണെന്നും’ ശ്രാവണ്‍ പറയുന്നു. മക്കള്‍ ഒരു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു, സ്‌കൂള്‍ തൊട്ട് എല്ലാ കാര്യങ്ങളിലും കൂടെ നിന്നത് അമ്മ മാത്രമാണെന്നും അതാണ് അമ്മയ്‌ക്കൊപ്പം നില്‍ക്കുന്നതിന് കാരണം. ‘ഹോസ്റ്റലില്‍ നിന്നായിരുന്നു ഞങ്ങള്‍ പഠിച്ചത്. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് ഓടിയെത്തുന്ന അമ്മ ഞങ്ങളെ കണ്ട് നിറകണ്ണുകളുമായാണ് പോവുന്നത്. ഞങ്ങള്‍ക്ക് വേണ്ടി ജീവിക്കുകയായിരുന്നു അമ്മ’ അതുകൊണ്ടാണ് എന്നും അമ്മയെ ചേര്‍ത്തുപിടിച്ചത്.- ശ്രാവണ്‍ പറഞ്ഞു.