തേപ്പുപെട്ടിയുടെ ചിത്രവുമായി ഈ വഴി വരേണ്ട, അത് അവരുടെ ജീവിതവും സ്വകാര്യതയുമാണ്, ശ്രീപാര്‍വ്വതി പറയുന്നു

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതര്‍ ആകുന്നു എന്ന വാര്‍ത്ത പുറത്തെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് ആര്യ നേരിടേണ്ടി വന്നത്. ഇപ്പോഴും തുടരുകയാണ്. ആര്യയുടെയും മുന്‍ കാമുകന്റെയും ചിത്രങ്ങള്‍ കുത്തിപ്പൊക്കിയവരും കുറവല്ല. ഇപ്പോള്‍ മേയര്‍ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീ പാര്‍വതി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ശ്രീപാര്‍വതി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ശ്രീപാര്‍വതി പറയുന്നതിങ്ങനെ, പ്രണയമുണ്ടാവുകയും എന്തെങ്കിലും കാരണത്താല്‍ അത് വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. എന്നാലും എന്തുകൊണ്ടാവും പെണ്‍കുട്ടികള്‍ മാത്രം കൊല്ലപ്പെടുകയും തേപ്പുകാരികള്‍ ആയി മാറുകയും ചെയ്യുന്നത്? പ്രണയത്തില്‍ നിന്നിറങ്ങിപ്പോയ പെണ്‍കുട്ടികളെ കൊല്ലുക എന്നത് ഇപ്പോള്‍ സാധാരണമായ ഒരു കാര്യമായി മാറി. അതിനു പ്രായവ്യത്യാസമില്ല. എനിക്ക് വേണ്ടാത്തതിനെ ആര്‍ക്കും വേണ്ട എന്ന തോന്നലില്‍ ആസിഡും തോക്കും കത്തിയും ഉപയോഗിച്ച് ഇല്ലാതാക്കുന്നു. ഇതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കൂടിയാണ് ഇല്ലാതാക്കുന്നത്.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. മുന്‍പ് അവര്‍ക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്നാണ് ചിലരുടെ ആരോപണം. അതില്‍ നിന്നും ഇറങ്ങി മറ്റൊരാളെ വിവാഹം കഴിക്കുന്നു എന്നതാണ് ഒരു സംഘം ആളുകള്‍ അവരില്‍ കാണുന്ന തെറ്റ്. ഔദ്യോഗിക വക്താക്കളായി സംസാരിക്കുന്നവര്‍ പോലും തേപ്പുപെട്ടിയുടെ ചിത്രങ്ങളിട്ടു പരിഹസിക്കുന്നു. ആര്യ ഒരു സ്ത്രീയാണ് എന്നതു തന്നെയാണ് ഇതിനു പിന്നിലെ കാര്യം. ആര്യക്കു നേരെയുള്ള സോഷ്യല്‍മീഡിയ ആക്രമണങ്ങള്‍ക്ക്ു പിന്നില്‍ പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങി മറ്റൊരാളെ വിവാഹം കഴിച്ചാല്‍ അതിലെ തെറ്റുകാരി സ്ത്രീ ആണെന്ന പൊതുബോധമാണ്.

‘തേപ്പ്’ എന്ന വാക്ക് കൂടുതലായി ഉപയോഗിക്കുന്നത് സ്ത്രീകളെ ഉദ്ദേശിച്ചാണെന്നതാണ് വാസ്തവം. എന്നാല്‍ എന്തുകൊണ്ടാണ് പ്രണയത്തില്‍ നിന്നും പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോകുന്നത്? എല്ലായ്‌പ്പോഴും ഒരാളില്‍ തന്നെ ജീവിക്കണം എന്നത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. ബന്ധം തുടരാന്‍ ബുദ്ധിമുട്ടുള്ളവര്‍ പരസ്പരം ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഇറങ്ങിപോവുക തന്നെ വേണം. തന്നില്‍ നിന്നും വിട്ടു പോയൊരാളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ മോശമായി ആരോപണങ്ങള്‍ ഉന്നയിക്കുകയും അതിനെ ഏറ്റു പിടിക്കാനെത്തുന്ന ആളുകളും പ്രണയത്തിലെ കൊലപാതകങ്ങളെപ്പോലും കൂട്ട് നില്‍ക്കുന്നവരായി മാറിയേക്കാം. വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ ഉന്നതമായി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ് മലയാളികള്‍ എന്നാണ് വയ്പ്പ്. എന്നാല്‍ പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ക്ക് താഴെ കാണാം ശരാശരി മലയാളിയുടെ ഫ്രസ്‌ട്രേഷന്‍. ആര്യയുടെ തന്നെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെയും താഴെ അവര്‍ പരിഹാസങ്ങള്‍ ചൊരിയുന്നു.

ബന്ധത്തില്‍ ഉലച്ചില്‍ തട്ടിക്കഴിഞ്ഞ് ഇറങ്ങി പോരാന്‍ തോന്നിക്കഴിഞ്ഞാല്‍ പിന്നെയും സമൂഹത്തിന്റെയും കടപ്പാടിന്റെയും കുഞ്ഞുങ്ങളുടേയുമൊക്കെ പേരില്‍ നിന്ന് പോകുന്നവരാണ് മിക്ക മനുഷ്യരും. പ്രത്യേകിച്ച് സ്ത്രീകള്‍. തികച്ചുമൊരു തട്ടിക്കൂട്ടല്‍ ബന്ധമാണ് പിന്നെ. പക്ഷേ, സമൂഹത്തിനു അപ്പോഴും അവര്‍ അംഗീകരിക്കപ്പെട്ടവരാണ്, കാരണം അവള്‍ ആണിന്റെ ഒപ്പം അവന്റെ സാമൂഹിക പരിതസ്ഥിതിയില്‍ ജീവിക്കുന്നു. എന്നാല്‍ ഒരിക്കല്‍ അവള്‍ എല്ലാം ഇട്ടിറങ്ങിപ്പോന്നാല്‍ സമൂഹത്തില്‍ അവളുടെ വില ഇടിയുകയായി. അവള്‍ തേപ്പുകാരിയായി. ഒരു സ്ത്രീയ്ക്ക് തന്റെ ബന്ധങ്ങളില്‍ നിന്നും ഇറങ്ങിപ്പോരാന്‍ ഒരുപാടു കാരണങ്ങളുണ്ടാവാം, അതൊന്നും സമൂഹത്തെയോ കുടുംബത്തെയോ പോലും ബോധ്യപ്പെടുത്തേണ്ടതില്ല. ഏതൊരു ബന്ധവും സമാധാനവും സന്തോഷവുമാണ് ആഗ്രഹിക്കുന്നതും നേടേണ്ടതും. അസ്വസ്ഥവും പ്രയാസമനുഭവിക്കുന്നതുമായ ബന്ധങ്ങള്‍ക്കിടയിലെ സ്‌നേഹവും തുടര്‍ച്ചയും അത്ര എളുപ്പമാവില്ല. അങ്ങനെയുള്ളപ്പോള്‍ ഇറങ്ങിപ്പോകുന്നവര്‍ തന്നെയാണ് കയ്യടി നേടേണ്ടത്. ആര്യയുടെ ജീവിതത്തില്‍ എന്താണ് നടക്കുന്നത് എന്ന് നോക്കേണ്ട ബാധ്യത പൊതുജനങ്ങള്‍ക്കില്ല. ഒരു മേയര്‍ എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാം, ചോദ്യം ചെയ്യാം, പക്ഷെ ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ക്ക് സ്വന്തം ജീവിതത്തില്‍ നിലപാടുകള്‍ എടുക്കാനുള്ള ആര്‍ജ്ജവവും അവകാശവുമുണ്ട്. അതിനെ ചോദ്യം ചെയ്യുകയും ട്രോളുകളും ചെയ്യുന്നത് ഏറ്റവും വലിയ സാമൂഹിക നീതികേടു തന്നെയാണ്.