കൈയിലെ ടാറ്റു കണ്ടാണ് മോര്‍ച്ചറിയില്‍ നിന്ന് മകന്റെ മൃതദേഹം തിരിച്ചറിഞ്ഞത്, പൊട്ടിക്കരഞ്ഞ് അപകടത്തിൽ മരിച്ച ശ്രീഹരിയുടെ പിതാവ്

കുവൈറ്റ്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ പേരു വിവരങ്ങൾ പുറത്തുവരുമ്പോൾ കുടംബത്തിന്റെ ദു:ഖകരമായ വാർത്തകളാണ് ഒരോ നിമിഷവും കോൾക്കുന്നത്. കോട്ടയം സ്വദേശിയായ ശ്രീഹരി ജൂണ്‍ അഞ്ചിനാണ് എത്തിയത്.കൈയിലെ ടാറ്റു കണ്ടാണ് മോര്‍ച്ചറിയില്‍ നിന്ന് മകന്റെ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച കോട്ടയം സ്വദേശി ശ്രീഹരിയുടെ പിതാവ് പ്രദീപ്.

അപകടത്തിന് പിന്നാലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മകന്റെ മൃതദേഹം തിരിച്ചറിയാന്‍ തന്നെ അധികൃതര്‍ വിളിച്ചിരുന്നു. ‘അവിടെ ചെന്നപ്പോള്‍ അവന്റെ മുഖമാകെ വീര്‍ത്തും മുക്കിനും ചുറ്റും കരിപിടിച്ച നിലയിലുമായിരുന്നു. എനിക്ക് അവനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഞാന്‍ അവരോട് പറഞ്ഞു, അവന്റെ കൈയില്‍ ഒരു ടാറ്റൂ ഉണ്ട്. അങ്ങനെയാണ് അവനെ തിരിച്ചറിഞ്ഞത്’ പ്രദീപ് കരഞ്ഞുകൊണ്ട് പറഞ്ഞു.

ജൂണ്‍ അഞ്ചിനാണ് ശ്രീഹരി കുവൈത്തില്‍ എത്തിയത്. ഇയാളുടെ പിതാവ് പ്രദീപ് വര്‍ഷങ്ങളായി അവിടെ ജോലി ചെയ്യുകയാണ്. കമ്പനിയില്‍ ജോലിക്ക് കയറിയിട്ട് എട്ടുദിവസം മാത്രമെ ആയിരുന്നുള്ളു. അതിനിടെയാണ് അപകടമുണ്ടായത്. തീപിടിത്തത്തില്‍ 49 പേരാണ് മരിച്ചത്. മരിച്ചവരില്‍ 24 പേര്‍ മലയാളികളാണ്.

അപകടത്തെക്കുറിച്ച് ടിവിയില്‍ വാര്‍ത്ത വന്നതിന് പിന്നാലെ വിവരം പ്രദീപ് തന്നെയാണ് നാട്ടിലുള്ള കുടുംബത്തെ അറിയിച്ചത്. മെക്കാനിക്കല്‍ എന്‍ജിനിയറായ ശ്രീഹരി അവിടെ ജോലി ലഭിക്കുന്നതുവരെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ് പ്രദീപ് കുവൈത്തില്‍ നിന്ന് ഇന്നുതന്നെ നാട്ടിലേക്ക് തിരിക്കും. നാളെയോടെ മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും പ്രദീപിന്റെ കുടുംബസുഹൃത്ത് പറഞ്ഞു.

ശ്രീഹരിക്ക് പൊള്ളലേറ്റിട്ടില്ലെന്നും പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് അറിയുന്നത്. പ്രദീപ് ഒരു ദശാബ്ദത്തോളമായി എന്‍ബിടിസിയിലെ ജോലിക്കാരനാണ്. ഭാര്യ ദീപ വീട്ടമ്മയാണ്. അര്‍ജുന്‍, ആനന്ദ് എന്നിവര്‍ സഹോദരങ്ങളാണ്.