ചികിത്സയിൽ കഴിയുന്ന രജനീകാന്തിനെ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: ചികിത്സയിൽ കഴിയുന്ന തമിഴ് സൂപ്പർ സ്റ്റാർ രജിനീകാന്തിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. പ്രിയതാരത്തെ ആശുപത്രിയിൽ നേരിട്ടെത്തിയാണ് എം.കെ സ്​റ്റാലിൻ സുഖവിവരം നടത്തിയത്.ശസ്​ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചു വരികയാണ്‌ രജനീകാന്ത്.ഈ മാസം 28നാണ്​ തലക്കറക്കത്തെ തുടർന്ന് ​ചെന്നൈ ആൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്​.

വെള്ളിയാഴ്ച ‘കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ’ എന്ന തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന പ്രക്രിയയാണ്​ നടത്തിയത്.കഴുത്തി​ന്റെ ഭാഗത്ത്​ തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയിൽ പ്രവേശിച്ച് തടസപാളി നീക്കം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരാധകരുടെ തിരക്ക്​ കണക്കിലെടുത്ത്​ കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ്​ സുരക്ഷ ശക്തമാക്കിയിരുന്നു. രജനികാന്ത്​ അടുത്ത ദിവസം ആശുപത്രി വിടുമെന്നാണ്​ സൂചന. താരത്തിനു എല്ലാവിധ പിന്തുണയും അറിയിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.