ഇനി മിണ്ടരുതെന്ന് ഹൈബി ഈഡന് താക്കീത്, സ്വകാര്യ ബില്ലിൽ കുഴഞ്ഞ് കോൺഗ്രസ്

എറണാകുളം: ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിൽ കുഴഞ്ഞ് കോൺഗ്രസ് നേതൃത്വം. കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്ന ഹൈബിയുടെ ആവശ്യത്തിൽ ആദ്യം മുതൽ തന്നെ കോൺഗ്രസ് എതിർത്തിരുന്നു. ഇത് നേതൃത്വത്തിന്റെ ആവശ്യം അല്ലെന്നും വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ . വിഷയത്തിൽ ഇനി പ്രതികരിക്കരുതെന്ന് ഹൈബിയ്‌ക്ക് നേതൃത്വം താക്കീത് നൽകി. ഇതിനൊപ്പം സ്വകാര്യ ബിൽ അവതരിപ്പിക്കരുതെന്ന് നേതാക്കളോടും പാർട്ടി നിർദ്ദേശം നൽകുകയുണ്ടായി.

കേരള സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മാർച്ച് മാസത്തിലാണ് ലോക്‌സഭയിൽ കൊച്ചി എംപി ഹൈബി ഈഡൻ സ്വകാര്യബിൽ അവതരിപ്പിച്ചത്. പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് തേടി. ഈ നിർദ്ദേശം അപ്രായോഗികമാണെന്നായിരുന്നു സംസ്ഥാന സർക്കാർ മറുപടി നൽകിയത്.

ഇതിന് പിന്നാലെ വിഷയം ചർച്ചയായി. സംസ്ഥാനത്തെ കോൺഗ്രസുകാർ ഒന്നടങ്കം ഹൈബിയ്‌ക്ക് എതിരെ തിരിഞ്ഞു. കെ.മുരളീധരൻ എംപി, ശശി തരൂർ എംപി, അടൂർ പ്രകാശ് എംപി എന്നിവർ ഹൈബിയുടെ ആവശ്യത്തെ തള്ളിക്കൊണ്ട് പ്രതികരിച്ചു. പിന്നാലെയാണ് ഇനി മുണ്ടരുതെന്ന് ഹൈബി ഈഡനോട് കോൺഗ്രസ് നേതൃത്വം താക്കീത് നൽകിയത്.