വിമർശനങ്ങൾ ഫലം കണ്ടു, ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങളെ അനുമോദിക്കാൻ സർക്കാർ

തിരുവനന്തപുരം : കായിക താരങ്ങളോട് സർക്കാർ കാട്ടിയ വേർതിരിവ് കടുത്ത വിമർശങ്ങൾക്ക് ഇടയാക്കിയതോടെ മുഖം മിനുക്കാൻ സർക്കാർ. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങളെ സർക്കാർ അനുമോദിക്കാൻ തയ്യാറായിരിക്കുകയാണ്. ഈ മാസം 19ന് വൈകിട്ടാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അനുമോദന ചടങ്ങ് നടക്കുക. ഇതിനായി കായികതാരങ്ങളെ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ച് തുടങ്ങിയതായാണ് വിവരം.

18ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ താരങ്ങൾക്കുളള പാരിതോക്ഷികവും സർക്കാർ തീരുമാനിക്കും. നേരത്തെ പാരിതോഷിക പ്രഖ്യാപനമടക്കം വൈകുന്നത് വിവാദം ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ഏഷ്യൻ ഗെയിംസിന് ഇറങ്ങിയപ്പോൾ ടീമിന് കരുത്തായി ഉണ്ടായിരുന്നത് 45 മലയാളി താരങ്ങളാണ്. ഗെയിംസ് ചരിത്രത്തിലെ കേരളത്തിന്റെ ഏറ്റവും വലിയ പങ്കാളിത്തം.രാജ്യത്തിനായി 13 ഇനങ്ങളിൽ മലയാളി താരങ്ങൾ കളത്തിലിറങ്ങി.

11 മെഡലുകളുമായാണ് അവർ തിരികെ കെയറിയത്. ഹോക്കിയിൽ ഒളിമ്പിക്‌സ് ടിക്കറ്റോടെ ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ ഗോൾവല കാത്തത് പി.ആർ. ശ്രീജേഷ് ആയിരുന്നു. പുരുഷന്മാരുടെ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ നാലു പേരിൽ മൂന്നും മലയാളികളായിരുന്നു. സ്‌ക്വാഷിൽ സ്വർണമടക്കം ഇരട്ട നേട്ടവുമായി ദീപിക പള്ളിക്കലും തിളങ്ങി, ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിയും രണ്ട് മെഡൽ നേടി.

ക്രിക്കറ്റിൽ മിന്നു മണിയും മലയാളി സാന്നിദ്ധ്യമായി, ലോംഗ് ജംപ് താരങ്ങളായ എം. ശ്രീശങ്കർ ആൻസി സോജൻ എന്നിവരും മുഹമ്മദ് അഫ്‌സൽ (അത്‌ലറ്റിക്‌സ്), എം.ആർ. അർജുൻ (ബാഡ്മിന്റൺ), ജിൻസൻ ജോൺസൺ (അത്‌ലറ്റിക്‌സ്) എന്നിവരും കേരളത്തിന് അഭിമാനമായി.