തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് സ്ഥിരമായി അടച്ചിടും: പനീര്‍ശെല്‍വം

തൂത്തുക്കുടി: തമിഴ്‌നാട് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പൂട്ടാന്‍ വേണ്ട നടപടികള്‍ എടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. കോപ്പര്‍ പ്ലാന്റ് സ്ഥിരമായി പൂട്ടണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം. അവരുടെ ആവശ്യം അംഗീകരിച്ച് ഇപ്പോള്‍ അടച്ചിടുകയാണ്. സ്ഥിരമായി അടച്ചിടാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ് 22ന് പ്ലാന്റിനെതിരെ നടത്തിയ പ്രക്ഷോഭത്തിലേക്ക് പൊലിസ് വെടിയുതിര്‍ക്കുകയും 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.

പ്ലാന്റ് പൂട്ടുന്നതിന് നിയമതടസ്സമുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.