നെയ്യാറ്റിൻകര പോളിടെക്നിക് കോളേജിൽ വിദ്യാർത്ഥിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനം, കേസെടുത്ത് പോലീസ്

പത്തനംതിട്ട : എസ്എഫ്‌ഐ അതിക്രമത്തിൽ മർദ്ദനമേറ്റ നെയ്യാറ്റിൻകര പോളിടെക്‌നിക്കിലെ വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. കണ്ടാൽ തിരിച്ചറിയാവുന്ന 20 വിദ്യാർത്ഥികൾക്കെതിരയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നെയ്യാറ്റിൻകര പോലീസ് പോളിടെക്‌നിക്കിൽ എത്തി പരിശോധന നടത്തി.

20-ഓളം വിദ്യാർത്ഥികൾ ചേർന്ന് സ്വകാര്യഭാഗത്ത് ചവിട്ടിയെന്ന് മർദ്ദനത്തിന് വിധേയനായ ചെങ്കൽ സ്വദേശി അനൂപ് പറയുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥിയെ പോളിടെക്‌നിക്കിലേക്ക് വിളിച്ചു വരുത്തി പോലീസ് മൊഴി രേഖപ്പെടുത്തി. സംഭവം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തി.

ഇന്നലെ രാവിലെ 11.30-നാണ് പോലീസ് ഉദ്യോഗസ്ഥർ പോളിടെക്‌നിക്കിൽ എത്തി പരിശോധന നടത്തിയത്. കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി സിപിഎം നേതാക്കൾ അനൂപിന്റെ വീട്ടുകാരെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വഴങ്ങാത്തതിനാൽ ഭീഷണി മുഴക്കിയതായും പരാതി.