തന്നെ തിരിച്ചറിഞ്ഞില്ല, വിദ്യാർത്ഥിയെ നടുറോഡിലിട്ട് മർദിച്ചു, ഗുണ്ട ഷിജു അറസ്റ്റിൽ

കൊല്ലം : വിദ്യാർഥിയെ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കു​കയും ചെയ്തു കടന്നു കളഞ്ഞ ​ഗുണ്ടയെ പൊലീസ് പിടികൂടി. ചിതറ ബൗണ്ടർമുക്കിൽ താമസിക്കുന്ന കൊട്ടിയം ഷിജു (48) ആണ് അറസ്റ്റിലായത്. തന്നെ തിരിച്ചറിഞ്ഞില്ല എന്ന കാരണം പറഞ്ഞാണ് ഇയാൾ വിദ്യാർഥിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ നോക്കിയത്.

ഏപ്രിൽ 17നായിരുന്നു സംഭവം. മൂന്നുമുക്ക് സജീർ മൻസിലിൽ മുസമ്മലിന് (18) ആണ് മർദ്ദനമേറ്റത്. കൊല്ലത്ത് കോച്ചിങ് ക്ലാസിനു പോയ മുസമ്മൽ സ്വകാര്യ ബസിൽ വീട്ടിലേക്ക് വരുമ്പോഴാണ് മർദ്ദനമേറ്റത്. ബൗണ്ടർമുക്കിൽ വച്ച് ബസ് ബ്രേക്ക് ഡൗണായി. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ റോഡിൽ ഇറങ്ങി നിന്നു.

ഈ സമയത്ത് സ്കൂട്ടറിൽ അതുവഴിയെത്തിയ ഷിജു എല്ലാവരോടും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. അതിനിടെയാണ് ഇയാൾ മുസമ്മലിനോടു കയർത്തത്. നിനക്ക് മാറാൻ ബുദ്ധിമുട്ടുണ്ടോടാ, ​ഗുണ്ട കൊട്ടിയം ഷിജുവിനെ അറിയില്ലേ എന്നും ചോദിച്ചായിരുന്നു മർദ്ദനം.