വിദ്യാർത്ഥിക്ക് നേരെ ബസിൽ ലൈംഗിക അതിക്രമം; ഹൈസ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ : പഴയങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഹൈസ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. പിലാത്തറ സ്വദേശി കെ. ജുനൈദിനെയാണ് (34) അറസ്റ്റ് ചെയ്തത്. ബസ് യാത്രയ്‌ക്കിടെയാണ് ഇയാൾ പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

അതേസമയം, കേരള പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. തൃശൂർ രാമവര്‍മപുരത്തെ അക്കാദമിയില്‍ ഓഫീസ് കമാന്‍ഡന്റായ ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്നാണ് പരാതി. സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അക്കാദമി ഡയറക്ടര്‍ക്ക് പരാതി നൽകിയിട്ടുണ്ട്.

ഈ മാസം 17-നാണ് ഉദ്യോഗസ്ഥനില്‍നിന്ന് ആദ്യം അതിക്രമം നേരിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. ചില രേഖകള്‍ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥന്‍ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതായും പരാതിയില്‍ പറയുന്നു. ഇത് ചെറുത്ത പരാതിക്കാരി ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് രണ്ടുദിവസത്തിന് ശേഷം സമാനരീതിയില്‍ വീണ്ടും ഉപദ്രവമുണ്ടായെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

ഉദ്യോഗസ്ഥനെതിരേ കടുത്ത നടപടി വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഇനി അക്കാദമിയില്‍ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ഉദ്യോഗസ്ഥയുടെ പരാതി ഇതുവരെ ലോക്കല്‍ പോലീസില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് അക്കാദമി സ്ഥിതിചെയ്യുന്നിടത്തുള്ള വിയ്യൂര്‍ പോലീസിന്റെ പ്രതികരണം. എന്നാല്‍, സംഭവത്തില്‍ അക്കാദമിയില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.