ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രദേശത്ത് വന്‍ പ്രതിഷേധം

ചെന്നൈ/ ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും ഒരു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തീരുവള്ളൂര്‍ കീഴചേരിയിലാണ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുത്തണി തെക്കളൂര്‍ സ്വദേശി പി സരള (17) ആണ് മരിച്ചത്. തിരുവള്ളൂര്‍ സ്‌ക്രഡ് ഹാര്‍ട്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സരള. തിങ്കളാഴ്ച രാവിലെയാണ് സരളയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന സരള അവര്‍ ഭക്ഷണം കഴിക്കുവാന്‍ പോയപ്പോള്‍ മുറിയില്‍ തൂങ്ങിമരിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ വിഷം കഴിച്ചാണ് കുട്ടി മരിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായി മാതാപിതാക്കള്‍ പറയുന്നു.

കുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി. കുട്ടിയുടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് റോഡ് തടഞ്ഞു.