പാകിസ്താനിലെ പെഷവാറിൽ ചാവേർ ആക്രമണം, എട്ട് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ അർദ്ധസൈനിക വിഭാഗങ്ങൾ സഞ്ചരിച്ച ട്രക്കിന് നേരെ ചാവേർ ആക്രമണം. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി പോലീസ് . സ്‌ഫോടനത്തെ തുടർന്ന് രണ്ട് പേരെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും നില തൃപ്തികരമാണ്. ബാക്കിയുള്ളവരെ സൈനിക ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമി കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.

അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ ഹയാതാബാദിലെ തിരക്കേറിയ റോഡിലാണ് സ്‌ഫോടനം .ആക്രമണത്തിന്റെ ഉത്തരവാദിത്തം സായുധ സംഘം തെഹ്‌രീകെ ജിഹാദ് പാകിസ്താൻ ഏറ്റെടുത്തിട്ടുണ്ട്.

അർദ്ധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്‌സിന്റെ വാഹനത്തിലാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്‌ഫോടനത്തിൽ ട്രക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ സമീപത്തെ മറ്റ് വാഹനങ്ങളും തകർന്നു.

അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലെ അക്രമികൾ സുരക്ഷിത താവളങ്ങൾ കണ്ടെത്തിയതിൽ ആശങ്കയുണ്ടെന്ന് പാകിസ്താൻ സൈന്യം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച, ഇതേ സംഘം ബലൂചിസ്ഥാനിൽ സൈനിക താവളത്തിൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ നാല് സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ട് ആക്രമണങ്ങളിലായി 12 പാകിസ്താൻ സൈനികരാണ് കൊല്ലപ്പെട്ടത്.