ശബരിമലയിൽ ഭക്തരെ ശക്തമായ മഴയത്ത് നിർത്തിയ സംഭവം, ഹൈക്കോടതി ഇടപെടൽ

കൊച്ചി : അയ്യപ്പനെ കാണാൻ മലകയറി എത്തിയ ഭക്തരെ പെരുമഴയത്ത് നിർത്തിയ ദേവസ്വം ബോർഡ് നടപടിയിൽ ഇടപെട്ട് ഹൈക്കോടതി. ക്യൂ കോപ്ലക്‌സ് തുറന്ന് നൽകാതെ ഭക്തരെ മഴയത്ത് ക്യൂ നിർത്തിയ സംഭവത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. സംഭവത്തിൽ സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.

കഴിഞ്ഞ ദിവസമാണ് ഭക്തരെ ശക്തമായ മഴയത്ത് നിർത്തിയ സംഭവം ഉണ്ടായത്. ഒരു മാധ്യമം ദേവസ്വം ബോർഡിന്റെ ക്രൂരത വാർത്തയാക്കിയതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്. ക്യൂ കോംപ്ലക്‌സ് തുറന്ന് നൽകാത്തതിനാൽ നൂറു കണക്കിന് ആളുകളായിരുന്നു മഴ നനഞ്ഞ് നിന്നത്. ഭഗവാനെ കാണാനായി നൂറുകണക്കിന് ഭക്തർ മഴ നനഞ്ഞ് ക്യൂ നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തിങ്കളാഴ്ചയാണ് തുറന്നത്. പമ്പയിൽ കർക്കടകമാസപൂജയും വാവുബലിയും ആദ്യമായി ഒരുമിച്ചുവരുന്ന പ്രത്യേകത ഇത്തവണയുണ്ടായിരുന്നു . ഭക്തർ പമ്പയിൽ തർപ്പണം നടത്തി അയ്യപ്പനെ ദർശിച്ചു. ഇതിനായി കൂടുതൽ ബലിത്തറകൾ പമ്പയിൽ ഇത്തവണ ക്രമീകരിച്ചിരുന്നു.