ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്, വായ സെല്ലോടേപ്പ് കൊണ്ട് ഒട്ടിച്ചു, പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം തുവ്വൂരിൽ യുവതിയെ വീട്ടിലേക്കു വിളിച്ചുവരുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഞെട്ടിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ എന്ന 35 കാരിയെ പ്രതി വിഷ്ണുവും സംഘവും അതിക്രൂരമായി കൊലപെടുത്തിയെന്നാണ്
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് . സുജിതയുടെ കഴുത്തിൽ പ്രതികൾ ആദ്യം കയർകുരുക്കി ശ്വാസംമുട്ടിച്ചെന്നും പിന്നീട് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അക്രമം നടക്കുമ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ സുജിതയുടെ വായ സെല്ലോടേപ്പ് ഉപയോഗിച്ച് മൂടിക്കെട്ടി. കുതറി മാറാതിരിക്കാൻ കൈകാലുകൾ ചേർത്തുകെട്ടിയതിന്റെ തെളിവുകൾ ശരീരത്തിലുണ്ട്. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ മർദനമേറ്റതിന്റെ പാടുകളൊന്നും കണ്ടെത്താനായില്ല.

സുജിത പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ലാബ് പരിശോധനാഫലം പുറത്തുവന്നാലേ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. മഞ്ചേരി മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. വിശദമായ റിപ്പോർട്ട് പോലീസിന് കൈമാറി.

ഈമാസം 11-ന് കാണാതായ സുജിതയുടെ മൃതദേഹം തിങ്കളാഴ്ച രാത്രിയാണ് സുഹൃത്ത് വിഷ്ണുവിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയ വിഷ്ണുവും സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് ഷിഫാൻ എന്നിവരെയും വിവരം മറച്ചുവെച്ച അച്ഛൻ മുത്തുവിനെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

അതേസമയം, ഒരു കൊലപാതകക്കേസിൽ മൂന്ന് മക്കൾക്കൊപ്പം അച്ഛനും പിടിയിലായത് അപൂർവ സംഭവമാണെന്ന് പോലീസ് പറയുന്നത്. മാതോത്ത് മുത്തു, മക്കളായ വിഷ്ണു, വൈശാഖ്, വിവേക് എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് വ്യാഴാഴ്ച അപേക്ഷ സമർപ്പിക്കും. തെളിവെടുപ്പിനും കൂടുതൽ അന്വേഷണത്തിനും വേണ്ടിയാണിത്.
ഇനി കൊലപാതക കാരണങ്ങൾ ഉൾപ്പെടെ കൂടുതൽ വസ്തുതകൾ തെളിയേണ്ടതുണ്ട്. അഞ്ച് പ്രതികൾ ഉള്ളതിനാൽ തെളിവെടുപ്പ് പെട്ടെന്ന് പൂർത്തീകരിക്കാൻ പ്രയാസമാണെന്നാണ് പോലീസ് പറയുന്നത്.തുവ്വൂർ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരാണ് കൊലചെയ്യപ്പെട്ട സുജിതയും ഒന്നാം പ്രതി വിഷ്ണുവും. ഇവർക്കിടയിൽ അമിതമായ അടുപ്പമോ ശത്രുതയോ ഉള്ളതായിട്ട് ആർക്കും അറിയില്ല. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതിരിക്കാൻ സുജിതയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തി എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടം നൽകാനുള്ള തുക എത്രയാണെന്നുപോലും കണ്ടെത്താനായിട്ടില്ല.

കൊലപാതകത്തിലേക്കു നയിച്ച മറ്റു കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നാണ് ജില്ലാ പോലീസ് മേധാവി പറഞ്ഞത്. കടം തിരിച്ചുനൽകാതിരിക്കാൻ വേണ്ടിമാത്രം കൂട്ടുകാരിയെ കൊലപ്പെടുത്തിയെന്നത് പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. വിഷ്ണു മാത്രമല്ല അച്ഛന്റെ അറിവോടെ രണ്ട് സഹോദരങ്ങളും പുറത്തുനിന്ന് ഒരു സുഹൃത്തും കൃത്യം ചെയ്യാൻ വീട്ടിൽ കാത്തുനിന്നു എന്നതിലും ദുരൂഹതയുണ്ട്. സുജിതയെ കൊല്ലണം എന്ന് മുൻകൂട്ടി നിശ്ചയിച്ചാണ് പ്രതികൾ പെരുമാറിയതെന്ന് വ്യക്തമാണ്.കൊലപ്പെടുത്തിയശേഷമാണ് പ്രതികൾ ആഭരണങ്ങളെടുത്ത് വിറ്റത്. ആഭരണം കവരാൻ മാത്രം കൊലപാതകത്തിന് അച്ഛൻ ഉൾപ്പെടെ കൂട്ടുനിൽക്കുക എന്നത് കേട്ടുകേൾവിയില്ലാത്തതാണ്. സുജിതയും വിഷ്ണുവും തമ്മിൽ വലിയ സാമ്പത്തിക ഇടപാടിന് സാധ്യതയില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കാണാതാകുന്നതിന് രണ്ടുദിവസം മുൻപുതന്നെ മാനസികമായി പ്രയാസം അനുഭവിക്കുന്നതായി സുജിത കൂട്ടുകാരോട് പറഞ്ഞതായി വിവരമുണ്ട്.

ഉപതിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ആഹ്ലാദപ്രകടനം നടക്കുമ്പോൾ സുജിത ഓഫീസിലുണ്ട്. ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് പഞ്ചായത്ത് ഓഫീസിൽ നിന്നിറങ്ങിയത്. കൊലപ്പെടുത്തിയതായി പറയുന്ന അന്നുതന്നെ സുജിതയുടെ താലിമാല ഉൾപ്പെടെയുള്ള ആഭരണങ്ങൾ തുവ്വൂരിൽ തന്നെയാണ് വില്പന നടത്തിയത്. ആഭരണം വിറ്റത് കണ്ടെത്താനായി പ്രതികളിലേക്കെത്താൻ 10 ദിവസമെടുത്തു. എട്ടുപവനോളം സ്വർണം മാത്രമാണ് പ്രതികൾ കവർന്നത്