വിവാഹം കഴിച്ച് ആഭരണവും പണവുമായി മുങ്ങുന്ന തട്ടിപ്പുകാരി പിടിയില്‍

പുരുഷന്‍മാരെ വിവാഹം കഴിച്ച് പണവും ആഭരണങ്ങളുമായി കടന്നുകളയുന്ന സ്ത്രി പിടിയില്‍. വിവാഹത്തട്ടിപ്പ് നടത്തുന്ന ആന്ധ്രപ്രദേശ് തിരുപ്പതിസ്വദേശി സുകന്യയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. 54 വയസ്സുകാരിയായ സുകന്യ 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം വീവീട്ടില്‍ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു. പിന്നീടാണ് ഇവര്‍ വിവാഹ തട്ടിപ്പ് ആരംഭിച്ചത്.

സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായ ആവഡി സ്വദേശി ഗണേഷിന് മുന്നില്‍ ആന്ധ്രപ്രദേശിലെ തിരുപ്പതിക്ക് സമീപമുള്ള പുത്തൂര്‍ സ്വദേശിയായ ശരണ്യയെന്നാണ് ഇവര്‍ പരിചയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇവര്‍ വിവാഹിതരായി. വിവാഹത്തിന് സമ്മാനമായി ഗണേഷിന്റെ അമ്മ 25 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു.

പിന്നീട് ഗണേഷിന്റെ വീട്ടിലെ സ്വത്തുക്കള്‍ വേണമെന്നും ശമ്പളം തനിക്ക് നല്‍കണമെന്നും സുകന്യ ആവശ്യപ്പെട്ടു. സ്വത്തുക്കള്‍ എഴുതി നല്‍കാന്‍ തയ്യാറായ ഗണേഷ് ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടതോടെ ഇത് നല്‍കാന്‍ സുകന്യ കൂട്ടാക്കിയില്ല. തുടര്‍ന്ന് സംശയം തോന്നിയ ഗണേഷ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മുമ്പ് മൂന്ന് തവണ ഇവര്‍ വിവാഹം കഴിച്ചതായി കണ്ടെത്തി. നിരവധി പേരെ വിവാഹം കഴിച്ച് പറ്റിക്കുന്ന സ്ത്രീയണിതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുകയായിരുന്നു.

ഗണേഷിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് സേലത്തും ജോലാര്‍പേട്ടയിലും സമാന തട്ടിപ്പ് ഇവര്‍ നത്തിയതായി പോലീസ് പറയുന്നു.ബ്രോക്കര്‍മാര്‍ വഴി പുനര്‍വിവാഹത്തിന് ഒരുങ്ങുന്ന പുരുഷന്‍മാരെയാണ് ഇവര്‍ തട്ടിപ്പിനിരയാക്കുന്നത്.