ഫേസ്ബുക്കിനും ട്വിറ്ററിനും ‘പണികിട്ടി’, പാര്‍ലമെന്റിറി സമിതിയുടെ സമന്‍സ്

ഫേസ്ബുക്കിനും, ട്വിറ്ററിനും സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിറി സമിതിയുടെ സമന്‍സ്. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നവമാധ്യമങ്ങളിലെ ന്യൂസ് പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പാര്‍ലമെന്ററി സമതിയുടെ നടപടി. ഈ മാസം 21 ന് സമതിയ്ക്ക് മുന്‍പാകെ ഹാജരാകാനാണ് നിര്‍ദ്ദേശം. പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് അവരോട് വിശദീകരിക്കാന്‍ സമിതി ആവശ്യപ്പെടും.

ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്നങ്ങളും സംബന്ധിച്ച വിഷയത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ മുതലായവയുടെ നിലപാടുകള്‍ സമിതികേട്ടിരുന്നു . ഇരു സാമൂഹ്യമാധ്യമങ്ങളും വ്യക്തമാക്കിയ നിലപാടുകളില്‍ സമിതിയ്ക്ക് തികഞ്ഞ അതൃപ്തിയാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായാണ് പാര്‍ലമെന്ററി സമിതിയുടെ നടപടി . ട്വിറ്റര്‍,ഫേസ് ബുക്ക് പ്രതിനിധികളോട് ഈ മാസം 21ന് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, തീയതിയില്‍ അസൗകര്യം അറിയിച്ച് ഹാജരാകുന്നതില്‍ നിന്ന് ഒഴിയാനായിരുന്നു സാമൂഹ്യമാധ്യമ ഭീമന്മാരുടെ ശ്രമം.

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ രൂപീകരിച്ച സമിതിയില്‍ ആഭ്യന്തര ഭിന്നതകള്‍ നിലനില്‍ക്കുമ്‌ബോഴും രാജ്യത്ത് മാത്രം സ്വീകരിയ്ക്കുന്ന ഫേസ് ബുക്കിന്റെയും ട്വിറ്ററിന്റെയും വ്യത്യസ്ത നിലപാടുകളില്‍ അംഗങ്ങള്‍ക്ക് ഏകാഭിപ്രായമാണ് ഉള്ളത്. 21 ന് ഹാജരാകുന്ന സാമൂഹ്യ മാധ്യമകമ്ബനികള്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സമിതി തുടര്‍ തീരുമാനങ്ങള്‍ കൈകൊള്ളും. കഴിഞ്ഞ ദിവസം വാട്സ് ആപ്പ് അവരുടെ സ്വകര്യതാ നയത്തില്‍ വരുത്തിയ മാറ്റവും 21 ന് പാര്‍ലമെന്ററി സമിതി പരിഗണിയ്ക്കും. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആണ് സമിതി അധ്യക്ഷന്‍.