അച്ഛനമ്മമാരും മക്കളുടെ ഈ അവസ്ഥക്ക് കരണക്കാരാവാറുണ്ട്, വര്‍ഷ കണ്ണന്‍ പറയുന്നു

കുട്ടികള്‍ വളര്‍ന്ന് വരുന്നനതിന് അനുസരിച്ചാണ് അവരുടെ സ്വഭാവവും രൂപീകൃതമാകുന്നത്. കുട്ടികളെ മാതാപിതാക്കള്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണമെന്നും നല്ലതായി പെരുമാറാന്‍ പറഞ്ഞ് വളര്‍ത്തണമെന്നും പറയുകയാണ് വര്‍ഷ കണ്ണന്‍ എന്ന യുവതി. ഉദാഹരണ സഹിതമാണ് വര്‍ഷ ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വര്‍ഷ കണ്ണന്റെ കുറിപ്പ്, എന്റെ മക്കളോട് ഞാന്‍ എപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട് ..’പഠിച്ചു കളക്ടര്‍ ആവണം, ഡോക്ടര്‍ ആവണം എന്നൊക്കെ ലക്ഷ്യം വയ്ക്കുന്നതുപോലെ തന്നെ മനസ്സില്‍ ഉറപ്പിക്കേണ്ട കാര്യമാണ് നല്ല ഒരു മനുഷ്യനാവുക എന്നത്. നിങ്ങള്‍ എത്ര ഉയരങ്ങളില്‍ എത്തിയാലും ചുറ്റുമുള്ളവരോട് നല്ല പോലെ പെരുമാറാന്‍ ശ്രദ്ധിക്കണം’.. അത് പോലെ വീട്ടില്‍ വരുന്ന അതിഥികളോട് എന്റെ മക്കള്‍ നല്ല രീതിയില്‍ പെരുമാറണം എന്നത് എനിക്ക് നിര്‍ബന്ധമാണ് .’നമ്മള്‍ മറ്റൊരു വീട്ടില്‍ ചെന്നിട്ട് ആ വീട്ടിലുള്ള ഒരാള്‍ നമ്മളെ കാണാത്ത ഭാവം നടിച്ചാല്‍ നമ്മള്‍ക്ക് അതെത്ര സങ്കടമാണ് .അത് പോലെ തന്നെയല്ലേ നമ്മുടെ വീട്ടില്‍ വരുന്നവര്‍ക്കും ‘എന്ന് ഞാന്‍ കുട്ടികളോട് പറയാറുണ്ട് ..ഇന്നിപ്പോ അവര്‍ ഞാന്‍ ആഗ്രഹിക്കുന്ന പോലെ പ്രവര്‍ത്തിക്കുന്നു ,നാളെ എങ്ങനെയാവും എന്നറിയില്ല ..എങ്കിലും ഞാന്‍ കൂടെ ഉള്ളിടത്തോളം കാലം അവരെ ഇങ്ങനെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും ..

ഇതൊക്കെ എല്ലാര്‍ക്കും അറിയുന്നതല്ലേ ..ഇത്ര പറയാന്‍ മാത്രം ഉണ്ടോ എന്ന് തോന്നാം .ശരിയാണ് .ഇതൊക്കെ എല്ലാര്‍ക്കും അറിയാവുന്നത് തന്നെ… കുറച്ചു കാലം മുന്‍പ് ഞാനും ഏട്ടനും എന്റെ ഒരു അകന്ന ബന്ധുവിന്റെ വീട് സന്ദര്‍ശിക്കാന്‍ ഇടയായി .കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അവിടെ പോണതെങ്കിലും മിക്ക ഫങ്ഷനും ഞങ്ങള്‍ തമ്മില്‍ കാണാറുണ്ട് .ആ അങ്കിളും ആന്റിയും വളരെ നല്ല ആള്‍ക്കാരാണ് .ഒറ്റ മോളാണ് അവര്‍ക്ക് ..ഞങ്ങള്‍ ആ വീട്ടില്‍ ചെന്നപ്പോള്‍ ആന്റിക്ക് വല്യ സന്തോഷമായി .ചായ കുടിച്ച് കുറെ നേരം വര്‍ത്താനമൊക്കെ പറഞ്ഞ് ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആന്റി അവരുടെ മോളെ വിളിച്ചു ..അപ്പോഴാണ് ആ കുട്ടി ആ വീട്ടില്‍ ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ അറിയുന്നത് ..അതും ഞങ്ങള്‍ ഇരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ തന്നെ ..ആ ആന്റി ഒരു നാലഞ്ചു പ്രാവശ്യം വിളിച്ചിട്ടാണ് ആ കുട്ടി പുറത്തേക്ക് വന്നത് ..ഞങ്ങളെ കണ്ടപ്പോള്‍ വല്യ പരിചയഭാവമൊന്നും കാണിച്ചില്ല ..ക്ലാസ്സൊക്കെ എങ്ങനെ പോണു എന്ന എന്റെ ചോദ്യത്തിന് എന്തോ മറുപടി പറഞ്ഞ് അവള്‍ വീണ്ടും മുറിയില്‍ കയറി പോയി..പാവം ആന്റി ആകെ വല്ലാണ്ടായി ..ഞങ്ങളും ..’..ഒന്നും തോന്നരുത് ട്ടാ ..അവള്‍ അങ്ങനെയാണ് .അവള്‍ടെ ഫ്രണ്ട്‌സ് വന്നാല്‍ മാത്രം വാ തോരാതെ വര്‍ത്താനം പറയും ..’…ആന്റി സങ്കടത്തോടെ പറഞ്ഞു .അവരുടെ അവസ്ഥ കണ്ടപ്പോള്‍ പാവം തോന്നി .ആ സിറ്റുവേഷന്‍ ഒരു വിധം മാനേജ് ചെയ്ത് ഞങ്ങള്‍ അവിടെന്നു യാത്ര പറഞ്ഞിറങ്ങി.

എന്താണ് ആ കുട്ടിടെ പ്രശ്‌നമെന്നോ എന്ത് കൊണ്ടാണ് അവള്‍ ഇങ്ങനെ എന്നോ എനിക്കറിയില്ല .. നിസ്സഹായയായി നിന്ന അവളുടെ അമ്മയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട് .നമുക്കിടയില്‍ ഒരുപാട് കുഞ്ഞുങ്ങളുണ്ട് ആ മോളെ പോലെ .അവര്‍ അവരുടേതായ ഒരു ലോകത്താണ് .ചുറ്റും നടക്കുന്നതൊന്നും അവരെ ബാധിക്കുന്നില്ല ..അല്ലെങ്കില്‍ അവര്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല ..അവരറിയുന്നില്ല ഇങ്ങനെ ഒതുങ്ങി കൂടുമ്പോള്‍ അവര്‍ നഷ്ടപ്പെടുത്തുന്നത് അവരുടെ തന്നെ സന്തോഷമാണ് എന്ന് ..പിന്നെ അവരുടെ പ്രിയപ്പെട്ടവരുടെയും .. ചിലപ്പോള്‍ അച്ഛനമ്മമാരും അവരുടെ ഈ അവസ്ഥക്ക് കരണക്കാരാവാറുണ്ട് ..മക്കളെ ചേര്‍ത്ത് പിടിക്കുക ..അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുക .അവരോടൊപ്പം നില്‍ക്കുക .അവരുടെ ഏറ്റവും വല്യ കൂട്ടാവുക ..സ്‌നേഹം. വര്‍ഷ കണ്ണന്‍