വസ്ത്രത്തിന് മുകളിലൂടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും ലൈംഗിക കുറ്റകൃത്യം; ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ലൈംഗിക ചുവയോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗികാതിക്രമങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്സോ കേസിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ലൈംഗികാതിക്രമങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് നേരത്തെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഉത്തരവിറക്കിയത്.

സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് യു ലളിതിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിധി. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ശരീരവും ശരീരവും തമ്മിലുള്ള ബന്ധം ഉണ്ടാവണമെന്നാണ് ബോംബെ ഹൈക്കോടതി പറഞ്ഞത്. വിധിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. തൊലിപ്പുറത്തല്ലാതെയുള്ള അതിക്രമങ്ങള്‍ ലൈംഗികാതിക്രമങ്ങളില്‍ പെടുത്താനാവില്ല എന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിധി പറഞ്ഞ പുഷ്പ ഗനേഡിവാലയുടെ സിംഗിള്‍ ബഞ്ചിന്റേതായിരുന്നു വിചിത്ര വിധി. പോക്സോ കേസ് നിലനില്‍ക്കണമെങ്കില്‍ കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ലൈംഗിക ചുവയോടെ സ്പര്‍ശിക്കുകയും വേണമെന്ന കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ 12 വയസുള്ള കുട്ടിയ്ക്ക് നേരിടേണ്ടി വന്ന അതിക്രമം പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു.

ഹൈക്കോടതി വിധി തീര്‍ത്തും അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുന്നുവെന്നാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അറിയിച്ചത്. കേസില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്നും മുന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചിനോട് വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കതിരെ ഹര്‍ജി നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു.