ഭൂമി ഇടപാട്, കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് വൻതിരിച്ചടി

സീറോ മലബാർ പരമാദ്ധ്യക്ഷനും കർദ്ദിനാളുമായ മാർ ജോർജ് അലഞ്ചേരിക്ക് വൻ തിരിച്ചടി, ഭൂമി വില്പന അഴിമതികേസ് റദ്ദാക്കണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി, ക്രിമിനൽ കേസ് തുടരാൻ അനുമതി, കർദ്ദിനാൾ അറസ്റ്റിലേക്കോ? ആഹ്ളാദത്തോടെ സഭയിലെ കർദ്ദിനാൾ വിരുദ്ധ വിഭാഗം.

കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചത്. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാന്‍ ശ്രമിച്ചെന്നും ആലഞ്ചേരി സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു.

കർദിനാളിന് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്. ആലഞ്ചേരിക്കെതിരായ ഒരു പരാതിയിൽ സര്‍ക്കാര്‍ നടത്തിയ അന്വേഷണം അവസാനിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയാണ് വിറ്റത് എന്ന പരാതിയിലെ ആരോപണം തെറ്റാണെന്ന് കണ്ടെത്തൽ. നിയമ വിരുദ്ധമായി ഒന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നില്ല. കോടതി ആവശ്യപ്പെട്ടാല്‍ ഇനിയും അന്വേഷിക്കാമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സിറോ മലബാർ സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജോഷി വർഗീസാണ് ഹർജി നൽകിയത്. ആലഞ്ചേരി ഉൾപ്പെടെ 24പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതി പട്ടികയിൽ ഉണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ചുമത്തിയിരുന്നു.