കശ്മീരിൻ്റെ പ്രത്യേക പദവി പുനസ്ഥാപിക്കുമോ? സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു. പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെതിരായ ഒരുപറ്റം ഹർജികളിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക. വിധിക്കു മുന്നോടിയായി കശ്മീരിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

സ്വകാര്യ വ്യക്തികൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ പാർട്ടികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരാണ് ഹർജിക്കാർ. 2019ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ ജമ്മു ആൻ്റ് കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. 16 ദിവസം നീണ്ട വാദം കേൾക്കലിനു ശേഷം സെപ്റ്റംബർ അഞ്ചിനാണ് ഹർജികളിൽ വിധി പറയാനായി കോടതി മാറ്റിവെച്ചത്. കേന്ദ്രസർക്കാരിനായി അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത തുടങ്ങിയവർ ഹാജരായി.

ജമ്മു കശ്മീർ ജനതയ്ക്ക് അനുകൂലമായ വിധിക്കായി കാത്തിരിക്കുകയാണെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹർജിക്കാരിൽ ഒരാളും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റുമായ ഒമർ അബ്ദുള്ള പറഞ്ഞു. നീതി ലഭ്യമാകുമെന്ന പ്രതീക്ഷയോടെയാണ് 2019ൽ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ എല്ലാ പ്രതീക്ഷയും കോടതിയിലാണെന്ന് ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ഗനി ലോൺ പറഞ്ഞു. ഹർജിക്കാരിൽ ഒരാൾ കൂടിയാണ് സജാദ് ഗനി ലോൺ.