പ്രതികളുടെ സിപിഎം ബന്ധം മറ നീക്കി പുറത്തു വന്നിരുന്നു ; മധു വധക്കേസിൽ കൊലക്കുറ്റം ചുമത്താതിരുന്നത് സർക്കാരിന്റെ പരാജയമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് മരണപ്പെട്ട മധു വധക്കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് സർക്കാരിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 304-ാം വകുപ്പ് പ്രകാരമുള്ള നരഹത്യയല്ല 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റമാണ് പ്രതികൾ അർഹിച്ചത്.

പൊതുജനമധ്യത്തിൽ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ കൊലക്കുറ്റമല്ലാതാക്കിയത് സർക്കാരിന്റെ അനാസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരും സിപിഎമ്മും കേസ് അട്ടിമറിക്കാൻ എല്ലാ ശ്രമങ്ങളും തുടക്കം മുതലേ നടത്തിയിരുന്നു. പ്രതികളുടെ ബന്ധുക്കൾ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയപ്പോഴും പോലീസ് അനങ്ങാപ്പാറ നയമാണ് പോലീസ് സ്വീകരിച്ചത്.

4 വർഷത്തിന് ശേഷമാണു കേസിൽ വിചാരണ തുടങ്ങിയത് അടുത്ത കാലത്താണ്. പ്രോസിക്യൂഷന് വേണ്ട സൗകര്യങ്ങളും ഫീസും കൊടുക്കാതെ കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചു. ഇപ്പോഴത്തേത് നാലാമത്തെ പ്രോസിക്യൂട്ടറാണ് എന്നതിൽ തന്നെ സർക്കാരിന്റെ സമീപനം വ്യക്തമാവും. സിപിഎം ക്രിമിനലുകൾ പ്രതികളായ കൊലക്കേസുകളിൽ അവരെ രക്ഷപ്പെടുത്താൻ ഖജനാവിൽ നിന്നും ലക്ഷങ്ങൾ കൊടുത്ത് സുപ്രീംകോടതി വക്കീലുമാരെ കൊണ്ടു വന്ന സർക്കാരാണിത്.

മധുവിന്റെ കേസിൽ സിപിഎമ്മുകാർ ഉൾപ്പെടുന്നതു കൊണ്ടാണ് സർക്കാർ അലംഭാവം കാണിച്ചത്. ശിക്ഷിക്കപ്പെട്ട ഒരു പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലൂടെ പ്രതികളുടെ സിപിഎം ബന്ധം മറനീക്കി പുറത്തു വന്നിരുന്നു. വിഷയം നിയമസഭയിൽ ഉന്നയിക്കാതെ മണ്ണാറക്കാട് എംഎൽഎയും ലീഗ് നേതാവുമായ ഷംസുദ്ധീനും സിപിഎമ്മിനോടൊപ്പം ഒത്തുകളിച്ചു. പ്രതികളിൽ ചിലർക്ക് ലീഗ് ബന്ധമുള്ളതു കൊണ്ടാണ് ഷംസുദ്ധീൻ എംഎൽഎ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു.