നല്‍കിയ വാക്ക് പാലിക്കാനുള്ളതാണ്, മിമിക്രി കലാകരന്മാര്‍ക്കായി വീണ്ടും രണ്ട് ലക്ഷം നല്‍കി സുരേഷ് ഗോപി

പറഞ്ഞ വാക്ക് എന്ത് വന്നാലും പാലിക്കുമെന്ന് വീണ്ടും തെളിയിച്ച് നടന്‍ സുരേഷ് ഗോപി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായ്ക്ക് പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് തുകയില്‍ നിന്നും രണ്ട് ലക്ഷം നല്‍കിയിരിക്കുകയാണ് നടന്‍.

2021ലായിരുന്നു താന്‍ അഭിനയിക്കുന്ന എല്ലാ ചിത്രത്തിന്റെയും പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായ്ക്ക് കൈമാറുമെന്ന് സുരേഷ് ഗോപി പറഞ്ഞത്. ആ വാക്കാണ് അദ്ദേഹം വീണ്ടും പാലിച്ചിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനും മാജിക് ഫ്രേയിമ്‌സുമായുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് തുകയില്‍ നിന്നാണ് താരം രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. നടനും സംവിധായകനുമായ നാദിര്‍ഷയ്ക്കാണ് മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് വേണ്ടിയുള്ള തുക സുരേഷ് ഗോപി കൈമാറിയത്.

ഇത് മൂന്നാം തവണയാണ് മായ്ക്ക് സുരേഷ് ഗോപി പണം നല്‍കുന്നത്. ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന് അഡ്വാന്‍സ് ലഭിച്ചപ്പോഴും അതിന് മുന്‍പും നടന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് തുക കൈമാറിയിരുന്നു. മിമിക്രി താരങ്ങള്‍ക്കൊപ്പമുള്ള മാ മാമാങ്കം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് സുരേഷ് ഗോപി ഈ വാക്ക് നല്‍കിയത്.

കൊറോണ കാലത്ത് ഏറെ പ്രതിസന്ധിയിലായവരാണ് മിമിക്രി കലാകാരന്‍മാര്‍. മിമിക്രി കലാകാരന്‍മാര്‍ക്ക് സഹായം എത്തിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് സുരേഷ് ഗോപി പ്രതിഫലത്തുകയില്‍ നിന്നും രണ്ടു ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതിന് മുടക്കം വരാതെ കൃത്യമായി താരം സംഘടനയ്ക്ക് പണം നല്‍കി വരികയാണ്.

വാര്‍ദ്ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശില്‍ നിന്നും ഇത്ര തരാമെന്ന് പറയുന്നതില്‍ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാന്‍ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും രണ്ടു ലക്ഷം രൂപ, ദാനമല്ല വിഹിതമായി നല്‍കി കൊള്ളാം എന്നായിരുന്നു സുരേഷ് ഗോപി അന്ന് പറഞ്ഞത്.