ഇല്ലാത്ത ബന്ദിന് ഡി ജി പിയുടെ വക മുൻകരുതൽ, ബന്ദ് ഉണ്ടെന്ന് വരുത്തി.

തിരുവനന്തപുരം/ കേരളത്തില്‍ ആരും പ്രഖ്യാപിക്കാത്ത ബന്ദിന്റെ പേരില്‍ സംസ്ഥാന പോലീസ് ആശയക്കുഴപ്പമുണ്ടാക്കിയ സംഭവം വിവാദമായി.
സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ല. നാളെ ഭാരത് ബന്ദ് എന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണമുണ്ടായതോടെ സത്യമെന്തെന്നു അറിയാതെ പോലീസിനോട് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍ക്കുകയായിരുന്നു. ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് ഉള്‍പ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിർദേശത്തിനു പിറകെയായിരുന്നു ഇത്. ‘അനാവശ്യമായി കടയടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നാണ്’ പോലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

ആരും ബന്ദ് പ്രഖ്യാപിക്കാത്ത് ഒരു സംസ്ഥാനത്ത് എന്തിനാണ് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നാണ് ഉത്തരം കിട്ടാത്ത ചോദ്യം. സംഭവം ജങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിനു കാരണമായി. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണ് പോലീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷ നല്‍കാനാണ് ഡിജിപി നിര്‍ദേശിച്ചിരുന്നത്. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് പോലീസ് സുരക്ഷയും ഉറപ്പാക്കുമെന്നും, ഇന്ന് രാത്രി മുതല്‍ പ്രധാന സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റിംഗും പട്രോളിംഗും ഏര്‍പ്പെടുത്തുമെന്നും ഡിജിപിയുടെ അറിയിപ്പിൽ പറഞ്ഞിരുന്നു.

ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റേഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുമെന്നും, അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാന വിഭാഗം എഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നും വാര്‍ത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിനോട് സജ്ജമായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശിക്കുകയായിരുന്നു. പോലീസിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതിന് പിന്നാലെ ഡിജിപി നൽകുകയുണ്ടായി. സമൂഹ മാധ്യമങ്ങളില്‍ ഭാരത് ബന്ദുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഒരു സംഘടനയും ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയില്ല എന്നതാണ് യാഥാർഥ്യം. പോലീസിന്റെ അനാവശ്യ ജാഗ്രത നിര്‍ദേശം മൂലം ബന്ധുണ്ടെന്ന ധാരണ ജങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെടുകയാണ് ഉണ്ടായത്.