ഈ ആധാരം ഞാനിങ്ങെടുക്കുവാ, 74-ാം വയസില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന പുഷ്പയുടെ കണ്ണിരൊപ്പി സുരേഷ് ഗോപി

എറണാകുളം: കുടുംബം പോറ്റാനായി 74-ാം വയസിലും ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികയ്ക്ക് സഹായവുമായി നടനും ബിജെപി എംപിയുമായി സുരേഷ് ഗോപി. പണയത്തില്‍ ഇരുന്ന വീടിന്റെ ആധാരം അദ്ദേഹം തിരിക എടുത്ത് നല്‍കി. കണ്ണംകുളങ്ങര സ്വദേശിനി പുഷ്പയ്ക്കാണ് സുരേഷ് ഗോപിയുടെ വക സഹായം ലഭിച്ചത്.

സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റ് ആയ സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പുഷ്പയെ കുറിച്ചുള്ള വിവരങ്ങള്‍ സുരേഷ് ഗോപി അറിയുന്ന്. പുഷ്പയുടെ സങ്കടങ്ങള്‍ കേട്ട സുരേഷ് ഗോപി അവരെ സഹായിക്കാന്‍ മുന്നോട്ട് വരികയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പുഷ്പ നിലവില്‍ താമസിക്കുന്ന വീടിന്റെ ആധാരം 65,000 രൂപയ്ക്ക് പാല്യത്തുരുത്ത് എസ്എന്‍ഡിപി ശാഖയില്‍ പണയം വെച്ചിരുന്നു.

സുരേഷ് ഗോപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മകന്‍ ഗോകുല്‍ സുരേഷ് ബുധനാഴ്ച ഉച്ചയോടെ ശാഖയില്‍ എത്തിയ പണം നല്‍കി ആധാരം തിരിച്ചെടുത്തു. വൈകീട്ട് നാല് മണിയോടെ പുഷ്പയുടെ വീട്ടില്‍ എത്തി ആധാരം കൈമാറി. നാട്ടിലെ ബിജെപി പ്രവര്‍ത്തകരും ഒപ്പം ഉണ്ടായിരുന്നു.

ഇളയ മകന്റെ മരണത്തിന് ശേഷമാണ് പുഷ്പ ലോട്ടറി വില്‍പ്പന ആരംഭിക്കുന്നത്. ഇളയ മകന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമാണ് പുഷ്പയുടെ താമസം. ഇത് കൂടാതെ മറ്റൊരുവമകനും പുഷ്പയ്ക്കുണ്ട്. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമാണ് മൂത്തമകന്‍ താമസിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മകന്‍ മരിച്ചത്.

ഇളയ മകന്റെ ഭാര്യ ബേക്കറിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേ പുഷ്പയ്ക്ക് പെന്‍ഷനും ലഭിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ബാധ്യത തീരാന്‍ അതൊന്നും പോരെന്നാണ് പുഷ്പ പറയുന്നത്. ഒരു ദിവസം 60 ഓളം ലോട്ടറികള്‍ വില്‍ക്കും. ഇതിനിടയില്‍ നിരവധി പേര്‍ പറ്റിച്ചിട്ടുണ്ടെന്നും പുഷ്പ പറയുന്നു.