ശക്തന്‍ മാര്‍ക്കറ്റ് ഇളക്കി മറിച്ച് സുരേഷ് ഗോപി, ഒപ്പം മാസ് ഡയലോഗുകളും

കേരളം തെരഞ്ഞെടുപപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. താര സ്ഥാനാര്‍ത്ഥികള്‍ പലരും ഉണ്ടെങ്കിലും തൃശൂരില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന നടന്‍ സുരേഷ് ഗോപി അല്പം വ്യത്യസ്തമാണ്. പൊതുവെ സ്ഥാനാര്‍ത്ഥികള്‍ മുണ്ടും ഷര്‍ട്ടുമൊക്കെ ധരിച്ചാണ് പ്രചരണത്തിനിറങ്ങുന്നത്. എന്നാല്‍ ഇന്നലെ സുരേഷ് ഗോപി വന്നിറങ്ങിയത് അങ്ങനെയായിരുന്നില്ല. ഗ്രേ നിറത്തിലുള്ള ട്രാക്ക് സ്യൂട്ട്, സ്‌പോര്‍ട്‌സ് ഷൂ, കടും നിറത്തിലുള്ള ബ്രാന്‍ഡഡ് സ്‌പോര്‍ട്‌സ് ലോഗോയുള്ള ടീ ഷര്‍ട്ട് എന്നിവ ധരിച്ചാണ് നടന്‍ എത്തിയത്.

പ്രഭാത നടത്തം നടന്‍ പ്രചാരണ യാത്രയാക്കുകയായിരുന്നു. ഇത്തരത്തില്‍ രാവിലെ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ആണ് നടന്‍ എത്തിയത്. ഈ സമയം നല്ല തിരക്കായിരുന്നു മാര്‍ക്കറ്റില്‍ നൂറ് കണക്കിന് ചുമട്ടു തൊഴിലാളികള്‍ ചാക്കുകളുമെടുത്ത് പുറത്തേക്കും അകത്തേക്കും ഓടുകയായിരുന്നു. സുരേഷ് ഗോപി മാര്‍ക്കറ്റില്‍ എത്തിയതോടെ അത് ഒരു ഓളമായി മാറുന്ന കാഴ്ചയാണ് കണ്ടത്.

മാര്‍ക്കറ്റിലെ അസൗകര്യങ്ങള്‍ കണ്ടതോടുകൂടി സുരേഷ് ഗോപി സംസാരിച്ചു തുടങ്ങി. പതുക്കെയുള്ള സംസാരം പിന്നീട് ഉച്ചത്തിലുള്ള മാസ് ഡയലോഗുകളായി മാറുന്ന കാഴ്ചയാണ് കണ്ടത്. ‘മാര്‍ക്കറ്റ് ഇങ്ങനെ കിടന്നാല്‍ പോരാ. ഇതു നന്നാക്കിയെടുക്കാന്‍ എന്റെ കയ്യില്‍ ചില പദ്ധതികളുണ്ട്. എംപി എന്ന നിലയില്‍ ഫണ്ടുണ്ട്. എംഎല്‍എ എന്ന നിലയിലാണ് ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയും നോക്കാം. അതൊന്നുമില്ലെങ്കിലും ഞാന്‍ വീട്ടില്‍നിന്ന് ഒരു കോടി രൂപയെടുത്ത് അതു ചെയ്യും” കയ്യടിയും ആരവവും. സുരേഷ് അവസാനിപ്പിച്ചിട്ടില്ല, ”ഇതിനിടയില്‍ ഇവിടെ ലോക്കലായി വല്ല തടസ്സവും കുതന്ത്രവും കൊണ്ടുവന്നാല്‍ അതു നിങ്ങള്‍ എല്ലാവരും ചേര്‍ന്നു നോക്കണം. ”ഇതിനിടെ പലരും ഏറ്റു, ഏറ്റു എന്നു പറഞ്ഞു. ഇത് കേട്ട സുരേഷ് ഗോപി തിരിച്ചുനിന്നു വിരല്‍ ചൂണ്ടി പറഞ്ഞു,”ഏല്‍ക്കണം.’

താര സ്ഥാനാര്‍ത്ഥി കടന്നു പോകവെ കുറച്ച് നിമിഷത്തേക്ക് കച്ചവടം നിലച്ചു. ഇതിനിടെ സമ്മാനമായി ലഭിച്ച പഴക്കുല ഉയര്‍ത്തിപ്പിടിച്ച് അതുമായിട്ടാണ് സുരേഷ് ഗോപി നടന്നു നീങ്ങിയത്. മത്സ്യ, മാംസ മാര്‍ക്കറ്റില്‍ എത്തിയതോടെ സ്ഥാനാര്‍ത്ഥിയുടെ സംസാരം മീനിനെ കുറിച്ചായി. ഇതിനിടെ ഒരു വലിയ മീനിനെ എടുത്തുയര്‍ത്ത് തലക്ക് മുകളില്‍ പിടിച്ചു. മാര്‍ക്കറ്റില്‍ നിന്നുമിറങ്ങി വാഹനത്തില്‍ കയറുന്നത്‌ന് തൊട്ടുമുമ്പ് തന്റെ അടുത്തെത്തിയ ആളോട് പൊളിച്ചില്ലേ എന്ന് സുരേഷ് ഗോപി ചോദിച്ചു. പൊളിച്ചു എന്ന് അടുത്തെത്തിയയാള്‍ മറുപടി പറഞ്ഞു. തിരിച്ചും പൊളിച്ചു തരണം എന്ന് മാസ് ഡയലോഗും പറഞ്ഞാണ് നടന്‍ മടങ്ങിയത്.