അവാർഡ് മക്കളായ ദിയക്കും, ദേവിനും സ്‌നേഹം നിറഞ്ഞ കുടുംബത്തിനും സമർപ്പിക്കുന്നു- സൂര്യ

ദേശീയ പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ തന്നെ പിന്തുണച്ചവർക്കും ആശംസകൾ അറിയിച്ചവർക്കും നന്ദി അറിയിച്ച് നടൻ സൂര്യ. സുരറൈ പോട്ര് സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുളള പുരസ്കാരം സൂര്യക്ക് ലഭിച്ചത്. അവാർഡ് മക്കളായ ദിയക്കും, ദേവിനും സ്‌നേഹം നിറഞ്ഞ കുടുംബത്തിനും സമർപ്പിക്കുന്നുവെന്നും സൂര്യ ട്വീറ്റ് ചെയ്തു.

സൂര്യയുടെ ട്വീറ്റിങ്ങനെ

മഹാമാരിക്കാലത്ത് ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്ത ഞങ്ങളുടെ ചിത്രത്തിന് ലഭിച്ച വൻ സ്വീകരണം ഞങ്ങളുടെ കണ്ണുകളെ സന്തോഷത്താൽ ഈറനണിയിച്ചു. സുരറൈ പോട്രുവിനുള്ള ഈ ദേശീയ അംഗീകാരത്തിൽ ഞങ്ങളുടെ സന്തോഷം ഇരട്ടിയായി. കാരണം ഇത് സുധ കൊങ്കരയുടെ വർഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിന്റെയും ക്യാപ്റ്റൻ ഗോപിനാഥിന്റെ കഥയെക്കുറിച്ചുളള ക്രിയാത്മക വീക്ഷണത്തിന്റെയും സാക്ഷ്യമാണ്. ഞങ്ങളുടെ സിനിമയിലെ ദേശീയ അവാർഡ് ജേതാക്കളായ അപർണ ബാലമുരളി, സുധ കൊങ്കര, ശാലിനി ഉഷ നായർ, ജി വി പ്രകാശ് എന്നിവരെ എന്റെ ഹൃദയം തൊട്ട് ഞാൻ അഭിനന്ദിക്കുകയാണ്. മികച്ച ഫിലിം അവാർഡ് ടീം 2ഡിക്കുള്ള അംഗീകാരമാണ്, എന്റെ ഉറ്റ സുഹൃത്തും സിഇഒയുമായ രാജശേഖർ കർപൂര സുന്ദര പാണ്ഡ്യക്കൊപ്പം ഞാൻ അവർക്ക് നന്ദി പറയുന്നു

‘എന്റെ അഭിനയശേഷിയിൽ വിശ്വാസം അർപ്പിക്കുകയും എന്റെ ആദ്യ സിനിമ നേര് ക്കുനേർ നൽകുകയും ചെയ്ത സംവിധായകൻ വസന്ത് സായിക്കും ചലച്ചിത്ര നിർമ്മാതാവ് മണിരത്‌നത്തിനും ഞാൻ നന്ദി പറയുന്നു. എനിക്കൊപ്പം മികച്ച നടനുളള ദേശീയ പുരസ്‌കാരത്തിന് അർഹനായ അജയ് ദേവ്ഗണിനേയും ഹൃദയ പൂർവം അഭിനന്ദിക്കുന്നു. തമിഴ്‌നാട്ടിൽ നിന്ന് 68-ാമത് ദേശീയ പുരസ്‌കാരത്തിന് അർഹരായവരേയും അഭിനന്ദിക്കുന്നു.’

‘സുരറൈ പോട്ര് നിർമ്മിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്യണമെന്ന് നിർബന്ധിച്ച എന്റെ ജ്യോതികയ്ക്ക് എന്റെ പ്രത്യേക നന്ദി. എപ്പോഴും എന്നെ പിന്തുണച്ച് കൂടെ നിന്ന അമ്മ, അപ്പ, കാർത്തി, ബൃന്ദ തുടങ്ങി എല്ലാവരോടും എന്റെ സ്‌നേഹവും നന്ദിയുമുണ്ട്. ഈ അവാർഡ് എന്റെ മക്കളായ ദിയക്കും, ദേവിനും എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിനും സമർപ്പിക്കുന്നു.’

‘ദേശീയ അവാർഡ് എനിക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യാനും നല്ല സിനിമകൾ നൽകാനും എനിക്ക് പ്രചോദനം നൽകുന്നു, ഞങ്ങളുടെ ഈ ഉയർന്ന അംഗീകാരത്തിന് ഇന്ത്യൻ സർക്കാരിനും ദേശീയ അവാർഡ് ജൂറിക്കും എന്റെ ആത്മാർത്ഥമായ നന്ദി. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും ഒരിക്കൽ കൂടി ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു.