കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്, സ്വപ്‌ന സുരേഷ് പറയുന്നു

കൊച്ചി: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് എച്ച്ആര്‍ഡിഎസ് ഡയറക്ടറായി പുതിയ ജോലിയില്‍ പ്രവേശിച്ചിരുന്നു. വെള്ളിയാഴ്ചയാണു സ്വപ്ന തൊടുപുഴയിലെ ഓഫിസിലെത്തി ജോലിയില്‍ പ്രവേശിച്ചത്. പുതിയ ജോലിക്ക് പിന്നാലെയും സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ഉയര്‍ന്നു. ഇപ്പോള്‍ വിവാദങ്ങളെ കുറിച്ചൊന്നും തനിക്ക് അറിയില്ല എന്ന് പറയുകയാണ് സ്വപ്ന. ഈ സ്ഥാപനവുമായി നേരത്തേ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച സഹായമാണു ജോലിയെന്നും സ്വപ്ന പറഞ്ഞു.

‘ജോലി ലഭിക്കുന്നതിനായി ഒരുപാടു പേരെ സമീപിച്ചിരുന്നു. ജോലി തരാന്‍ പേടിയാണെന്നു പലരും പറഞ്ഞു. അനില്‍ എന്നൊരു സുഹൃത്ത് വഴിയാണ് എച്ച്ആര്‍ഡിഎസില്‍ ജോലിക്ക് അവസരം കിട്ടിയത്. രണ്ടു റൗണ്ട് അഭിമുഖങ്ങള്‍ക്കു ശേഷമായിരുന്നു നിയമനം. സ്ഥാപനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും രാഷ്ട്രീയം വലിച്ചിടുന്നത്? വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങള്‍ നോക്കാനാകൂ. എന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ വളര്‍ത്തട്ടെ, ജീവിക്കാന്‍ അനുവദിക്കണം’ സ്വപ്ന പറഞ്ഞു

സ്വപ്നയ്ക്ക് ജോലി നല്‍കിയത് ബിജെപിക്കാര്‍ ആണെന്ന തരത്തില്‍ വ്യാപകമായി വാര്‍ത്തകള്‍ വന്നിരുന്നു. സ്വപ്നയ്ക്കു ജോലി നല്‍കിയതു നിയമവിരുദ്ധമാണെന്നും തനിക്കോ ബോര്‍ഡിനോ പങ്കില്ലെന്നും ഡല്‍ഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാര്‍ വ്യക്തമാക്കി.