ചില കാര്യങ്ങള്‍ ഞാന്‍ പരിഗണിക്കും, വിട്ടു വീഴ്ചയില്ല, രോഹിണി പറയുന്നു

മലായാളികളുടെ പ്രിയ നടിയാണ് രോഹിണി. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും താരം സജീവമാണ്. അഭിനേത്രി എന്നതിലുപരി സംവിധായിക, ഗാനരചയിതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ നിലകളിലും ശ്രദ്ധേയമാണ് താരം. മലയാള സിനിമയില്‍ നിന്നും ലഭിക്കുന്ന മികച്ച ഓഫറുകള്‍ വലുപ്പ ചെറുപ്പം നോക്കാതെ രോഹിണി സ്വീകരിക്കുന്നുണ്ട്.

അടുത്തിടെ ഒടിടി വഴി റിലീസ് ചെയ്ത ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിലും രോഹിണി ഭാഗമായി. ജിയോ ബേബി ഒരുക്കിയ ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രത്തില്‍ തനു എന്ന വീട്ടു ജോലിക്കാരിയുടെ വേഷമായിരുന്നു രോഹിണി ചെയ്തത്. ഈ കഥാപാത്രത്തിന് രോഹിണിക്ക് പ്രശംസാ പ്രവാഹമാണ്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് രോഹിണി.

തന്നെ സംബന്ധിച്ച് കഥാപാത്രത്തിന്റെ വലിപ്പചെറുപ്പം വിഷയമേ അല്ലെന്നും ഫെര്‍ഫോം ചെയ്യാനുള്ള സാധ്യതയുണ്ടോ എന്നത് മാത്രമാണ് നോക്കുകയെന്നുമാണ് രോഹിണി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രോഹിണി ഇക്കാര്യം പറഞ്ഞത്.

വെറും രണ്ട് മിനിറ്റാണെങ്കില്‍ കൂടി, ആ കഥാപാത്രം എത്രത്തോളം ഇന്റന്‍സ് ആണ്, ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് എക്സൈറ്റ്മെന്റ് നല്‍കുന്നതാണോ, പെര്‍ഫോം ചെയ്യാനുള്ള സാധ്യതകളുണ്ടോ എന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുക്കാറുള്ളത്. അതിലെനിക്ക് വിട്ടുവീഴ്ചയില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രമെല്ലാം അതിനുദാഹരണമാണ്,’ രോഹിണി പറയുന്നു.

‘സംവിധായകന്‍ ജിയോ ബേബി തന്നെയാണ് എന്നെ ചിത്രത്തിലേക്ക് വിളിച്ചത്. തനു എന്ന വീട്ടുജോലിക്കാരിയുടെ കഥാപാത്രമുണ്ടെന്നും കഥ കേള്‍ക്കാമോ എന്നും ചോദിച്ചു. വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ എനിക്ക് വളരെയേറെ താല്‍പര്യം തോന്നി. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്. രോഹിണി വ്യക്തമാക്കി.