എം ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് സ്വപ്ന സുരേഷിന്റെ മൊഴി

കൊച്ചി. എം ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് സ്വപ്ന സുരേഷിന്റെ മൊഴി എന്ന് റിപ്പോർട്ട്. ഇഡിക്ക് സ്വപ്ന സുരേഷ് ജയില്‍ വെച്ച് നല്‍കിയ മൊഴിയില്‍ ആറ് കോടി രൂപയാണ് കോഴപ്പണം എന്ന് വെളിപ്പെടുത്തിയിരുന്നു. ഖാലിദിനു നല്‍കിയ 3.80 കോടി രൂപ മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടതെന്ന് ഇതോടെ വ്യക്തമായിരുന്നു.

ഇതാണ് ലൈഫ് മിഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇഡിയെ പ്രേരിപ്പിച്ച ഘടകം. സരിത്താണ് ശിവശങ്കറിന്റെ അടുക്കലേക്ക് കൊണ്ടുപോയതെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷന്റെ ചുമതലക്കാരന്‍ എന്ന നിലയിലാണ് ശിവശങ്കറിനെ പരിചയപ്പെടുത്തിയത്. മേല്‍നോട്ടം ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്.

യുവി ജോസിനെ ആ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് യുവി ജോസിനെ രണ്ടുമൂന്നുവട്ടം വീണ്ടും കണ്ടിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു വേണ്ടി ശിവശങ്കര്‍ ഹാജരായിരുന്നു. രണ്ടാം ദിവസവും തുടര്‍ന്ന ചോദ്യം ചെയ്യലിനൊടുവിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്.

ശിവശങ്കറിന്റെ കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റ്. രാവിലെ 11 മണി മുതൽ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുകയായിരുന്നു. ശിവശങ്കറിനെ നാളെ കോടതിയിൽ ഹാജരാക്കും. സ്വർണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് ശിവശങ്കരന്റേത്. ചോദ്യം ചെയ്യലുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്. ശിവശങ്കർ ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ്.