എ എന്നാൽ ആണുങ്ങൾ എന്നല്ല, ‘അഡൽറ്റ്‌സ് ഒൺലി’ എന്നാണ്- സ്വാസിക വിജയ്

മലയാളികളുടെ പ്രിയ നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി. അഭിനേത്രി മാത്രമല്ല മികച്ച നർത്തകിയും മോഡലുമൊക്കെയാണ് സ്വാസിക. യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സ്വാസിക. തമിഴ് സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. നാല് തമിഴ് ചിത്രങ്ങളിൽ സ്വാസിക അഭിനയിച്ചു. പിന്നീട് മോഡലിംഗിലേക്ക് തിരിഞ്ഞു. ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയിച്ചതോടെയാണ് മലയാള സിനിമയിൽ സ്വാസിക എത്തുന്നത്. അങ്ങനെയാണ് സ്വാസിക അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെത്തിയത്.

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് ചതുരവും നിർമൽ സഹദേവിന്റെ കുമാരിയുമാണ് സ്വാസികയുടെ റിലീസ് ചെയ്ത പുതിയ ചിത്രങ്ങൾ. ചതുരം എന്ന ചിത്രത്തിൽ ഗ്ലാമറസ് വേഷത്തിലാണ് സ്വാസിക അഭിനയിച്ചത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ പലരും സ്വാസികയെ കുറ്റപ്പെടുത്താൻ തുടങ്ങിയിരുന്നു. സിനിമയിലെ ഗ്ലാമറസ് രംഗങ്ങൾ കൂടി കണ്ടതോടെ പലരും രൂക്ഷമായി വിമർശിക്കാനും തുടങ്ങി. എന്നാൽ നല്ല കഥാപത്രങ്ങളുടെ ഭാഗമായതിന്റെ സന്തോഷമാണ് നടി പങ്കുവെക്കുന്നത്.

‘ഗ്ലാമർ റോളിൽ എത്തുമ്പോൾ കുടുംബപ്രേക്ഷകരുടെ ഇഷ്ടം കുറയുമെന്നൊന്നും ചിന്തിച്ചിരുന്നില്ല. എന്തു കാര്യം ചെയ്യുമ്പോഴും അതു നന്നായി വരുമെന്നാണല്ലോ പ്രതീക്ഷിക്കുക. സംവിധായകരായ ജോഷി സാറും ജയരാജ് സാറുമൊക്കെ ചതുരം സിനിമ കണ്ടു നല്ല അഭിപ്രായം പറഞ്ഞു’,. എന്നാൽ ‘സിനിമയുടെ ട്രെയിലർ വന്നപ്പോൾ ചിലർ വിമർശനവുമായി വന്നിരുന്നു. ‘എ’ എന്നാൽ ആണുങ്ങൾ എന്നല്ല, ‘അഡൽറ്റ്‌സ് ഒൺലി’ എന്നാണ്. പതിനെട്ട് വയസ്സിന് മുകളിലുള്ള ആർക്കും കാണാം. അല്ലാതെ പെണ്ണുങ്ങൾക്ക് കാണാൻ പാടില്ലാത്തതൊന്നും ആ സിനിമയിൽ കാണിച്ചിരുന്നില്ല.

ഇപ്പോഴും പലരുടെയും വിചാരം ‘എ’ സർട്ടിഫിക്കറ്റ് കിട്ടിയാൽ അതൊരു സോഫ്റ്റ് പോൺ മൂവി ആയിരിക്കും എന്നാണ്. ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസ്സിലാക്കി വിമർശിക്കുന്നത് നന്നായിരിക്കുമെന്നാണ്’, സ്വാസിക പറയുന്നത്.വർഷങ്ങളായി അഭിനയിക്കുന്നത് കൊണ്ട് സിനിമകൾ കിട്ടുന്നുണ്ട്. എന്നാൽ നല്ല കഥാപാത്രങ്ങളൊന്നും ലഭിക്കാത്തതിൽ സങ്കടം തോന്നിയിരുന്നു. വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് കിട്ടിയ ശേഷമാണ് സിദ്ധാർഥ് ഭരതൻ ചതുരത്തിലേക്ക് വിളിക്കുന്നത്.