ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നു, സ്വാതി മലിവാൾ

ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് മാത്രമാണ് തന്റെ ആവശ്യം. ക്രൂരമായ മർദനമേറ്റ് താൻ നിലവിളിച്ചു. ആരും പിന്തുണച്ചില്ല. ആരും രക്ഷിക്കാനുമെത്തിയില്ല. നുണപരിശോധനയ്ക്ക് തയ്യാറാണ്. താൻ ആർക്കും ക്ലീൻചിറ്റ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്വാതി പറഞ്ഞു.

താൻ പോലീസിനെ വിളിക്കുന്നത് കണ്ടതോടെയാണ് ബൈഭവ് ​ഗേറ്റിൽനിന്നുള്ള സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചത്. അവർ എത്തിയതോടെ ഭൈബവ് ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചു. ബൈഭവ് തന്നെയാണ് വീഡിയോ ചിത്രീകരിക്കുന്നതെന്ന് അറിയാമായിരുന്നു. ഈ വീഡിയോയുടെ പൂർണഭാ​ഗം എവിടെ? ഇത്രയും പ്രധാനപ്പെട്ട ഒരു വീഡിയോ അവരുടെ പക്കലുണ്ടായിട്ടും എന്തുകൊണ്ടാണ് അവർ അത് പോലീസിന് നൽകാത്തതെന്നും സ്വാതി ചോദിച്ചു.

10 മിനിറ്റുവരെയുള്ള ഈ വീഡിയോയിൽ തന്നെ ചവിട്ടുകയും തല്ലുകയും ചെയ്ത കാര്യം പറയുന്നുണ്ട്. താൻ ദേഷ്യപ്പെടുന്ന ഭാ​ഗം മാത്രമാണ് മാധ്യമങ്ങളിൽ ചോർന്നതെന്നും സ്വാതി പറഞ്ഞു