ഫാം ഹൗസിൽ നടന്ന റേവ് പാർട്ടി, ലഹരി പരിശോധനാ ഫലം പുറത്ത്, നടി മയക്കുമരുന്ന് ഉപയോ​ഗിച്ചതായി പൊലീസ്

ബെം​ഗളൂരു: ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ പങ്കെടുത്തവരുടെ പരിശോധനാഫലം പുറത്തുവന്നു. തെലുങ്ക് നടി ഹേമ ഉൾപ്പെടെ 86 പേർ മയക്കുമരുന്ന് ഉപയോ​ഗിച്ചതായി സ്ഥിരീകരിച്ചു.

പാർട്ടിയിൽ 73 പുരുഷന്മാരും 30 സ്ത്രീകളും പങ്കെടുത്തതായി എഫ്ഐആറിൽ പറയുന്നു. പരിശോധനയിൽ 59 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും രക്തസാമ്പിളുകൾ പോസിറ്റീവായി. രക്തസാമ്പിളുകൾ പോസിറ്റീവായതായി കണ്ടെത്തിയവർക്ക് സെൻട്രൽ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും.

കേസ് സെൻട്രൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. റേവ് പാർട്ടിയിൽ പങ്കെടുത്ത 104 പേർക്കെതിരെ കേസെടുത്തു.

14.40 ഗ്രാം എംഡിഎംഎ ഗുളികകൾ, 1.16 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകൾ, ആറ് ഗ്രാം ഹൈഡ്രോ കഞ്ചാവ്, അഞ്ച് ഗ്രാം കൊക്കെയ്ൻ, കൊക്കെയ്ൻ പുരട്ടിയ 500 രൂപ നോട്ട്, ആറ് ഗ്രാം ഹൈഡ്രോ ഗഞ്ച, അഞ്ച് മൊബൈൽ ഫോണുകൾ, രണ്ട് വാഹനങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ഒരു ലാൻഡ് റോവർ, 1.5 കോടി രൂപ വിലമതിക്കുന്ന ശബ്ദ-വെളിച്ച സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഡിജെ ഉപകരണങ്ങളും പിടികൂടി.