സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന,പിന്തുണയ്ക്കുന്ന നേതാക്കള്‍ക്കുമേല്‍ ഭീഷണി , ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ സ്വാതി മലിവാൾ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയ്ക്കെതി സ്വാതി മലിവാൾ. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയില്‍ ഗൂഢാലോചന നടക്കുന്നു. തനിക്കെതിരെ മോശം പ്രചാരണം നടത്താന്‍ വിവിധ നേതാക്കള്‍ക്കുമേല്‍ സമ്മര്‍ദമുണ്ടെന്നും ,തന്നെ പിന്തുണയ്ക്കുന്ന എല്ലാവരേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നാണ് പറയുന്നതെന്നും അവര്‍ എക്‌സില്‍ കുറിച്ചു.

ആരോപിതനോട് അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് തനിക്കെതിരെ ഒളിക്യാമറ ഓപ്പറേഷനും ശ്രമം നടത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. നിങ്ങള്‍ക്ക് ആയിരം പേരുടെ സൈന്യമുണ്ടാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, അവരെ ഞാന്‍ തനിച്ച് നേരിടും. കാരണം സത്യം എനിക്കൊപ്പമാണ്’, സ്വാതി അവകാശപ്പെട്ടു. കുറ്റാരോപിതന്‍ സ്വാധീനമുള്ള ആളാണ്. ഏറ്റവും വലിയ നേതാവിന് പോലും അയാളെ ഭയമാണ്. ആര്‍ക്കും അയാള്‍ക്കെതിരെ നിലപാടെടുക്കാന്‍ ധൈര്യമില്ല. ആരില്‍നിന്നും താനൊന്നും പ്രതീക്ഷിക്കുന്നില്ല.

ആത്മാഭിമാനത്തിന് വേണ്ടിയാണ് ഈ പോരാട്ടം തുടങ്ങിയത്, നീതി ലഭിക്കുന്നതുവരെ അത് തുടരും. ഈ പോരാട്ടത്തില്‍ തീര്‍ത്തും ഒറ്റയ്ക്കാണ്, പക്ഷേ പിന്നോട്ടുപോകില്ലെന്നും സ്വാതി മലിവാള്‍ കൂട്ടിച്ചേര്‍ത്തു.