യമുനമോളെ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയില്‍, പിന്നില്‍ ഭര്‍തൃപീഡനമെന്ന് പരാതി

ചേര്‍ത്തല: ചേര്‍ത്തലയില്‍ അധ്യാപികയുടെ മരണത്തിന് പിന്നിലും ഭര്‍തൃപീഡനം എന്ന് ആരോപണവുമായി ബന്ധുക്കള്‍. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് മരുത്തോര്‍വട്ടം മാര്‍ത്താണ്ടം ചിറ സോമശേഖരന്‍ നായരുടെ മകള്‍ യമുന മോളാണ് കഴിഞ്ഞ ദിവസം മരിച്ചത്. 27 വയസായിരുന്നു. യുവതിയുടെ മരണം ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം മൂലമാണെന്നു കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി.

മെയ് 29ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു യുവതിയുടെ മരണം സംഭവിച്ചത്. വര്‍ക്കലയിലുള്ള വാടകവീട്ടില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം ഉണ്ടായത്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് യുമനാമോള്‍ ജീവനൊടുക്കിയതെന്ന് കാട്ടി സഹോദരന്‍ എസ് അനന്തകൃഷ്ണന്‍ പരാതി നല്‍കി.

വര്‍ക്കല ഡി വൈ എസ് പി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി, ഡി ജി പി, പ്രതിപക്ഷ നേതാവ്, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. 29ന് പുലര്‍ച്ചെ മരണ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് ചേര്‍ത്തല മരുത്തോര്‍വട്ടത്തെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.

ബഡ്‌സ് സ്‌കൂള്‍ അധ്യാപികയായിരുന്ന യമുനാമോള്‍ 2016 ലാണ് വര്‍ക്കല സ്വദേശിയായ ശരതുമായി പ്രണയത്തിലായി പിന്നീട് വിവാഹിതരായത്. ഇരുവീട്ടുകാരുടെയും സമ്മതമില്ലാതെയായിരുന്നു വിവാഹമെങ്കിലും പിന്നീട് രണ്ടുവീട്ടുകാരും സഹകരിക്കുയായിരുന്നു. ഭര്‍തൃവീട്ടില്‍ നിരന്തരം പീഢനത്തിന് ഇരയായായിരുന്നതായി പരാതിയില്‍ പറയുന്നു. വര്‍ക്കല കോടതിയിലും ഗാര്‍ഹിക പീഡനത്തിനു യമുനാമോള്‍ പരാതി നല്‍കിയിരുന്നു.