അധ്യാപക നിയമന കുംഭകോണം; അര്‍പ്പിതയുടെ ഫ്‌ളാറ്റില്‍ നിന്ന് വീണ്ടും 15 കോടി ഇഡി പിടിച്ചെടുത്തു

കൊല്‍ക്കത്ത. അധ്യാപക നിയമന കുംഭകോണ കേസില്‍ അറസ്റ്റിലായ പശ്ചിമബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ ഇഡി പരിശോധന നടത്തി. ഇഡി നടത്തിയ പരിശോധനയില്‍ അര്‍പ്പിതയുടെ വീട്ടില്‍ നിന്നും 15 കോടി രൂപയോളം കണ്ടെത്തി. ഒരു ഷെല്‍ഫില്‍ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

പരിശോധനയ്ക്കായി എത്തിയ ഇഡി സംഘം അര്‍പ്പിതയുടെ വീടിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. നോട്ടുകള്‍ക്കൊപ്പം സ്വര്‍ണവും ഇഡി പിടിച്ചെടുത്തു. പിടിച്ചെടുത്ത പണം എണ്ണിതിട്ടപ്പെടുത്തുവാന്‍ നോട്ടെണ്ണല്‍ യന്ത്രങ്ങളും ബാങ്ക് ജീവനക്കാരെയും ഇഡി എത്തിച്ചു.

അര്‍പ്പിതയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍ ഇഡി നടത്തിയ പരിശോധനയില്‍ ശിനിയാഴ്ച 21.9 കോടിരൂപ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അര്‍പ്പിതയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റില്‍ കഴിയുന്ന അര്‍പ്പിതയുടെയും പാര്‍ഥയുടെയും വൈദ്യപരിശോധന നടത്തി. തന്റെ ഫ്‌ളാറ്റുകള്‍ മന്ത്രി ഒരു ബാങ്ക് പോലെയാണ് ഉപയോഗിച്ചതെന്ന് അര്‍പ്പിത ഇഡിക്ക് മൊഴി നല്‍കിയതായി സൂചനയുണ്ട്. ഇരുവരുടെയും ചോദ്യം ചെയ്തുവരുകയാണ്.