സൈനികരെ റഷ്യ കൊന്നൊടുക്കുമ്പോള്‍ സെലന്‍സ്‌കി ഫോട്ടോഷൂട്ടിലാണ്; യുക്രൈന്‍ പ്രസിഡന്റിനെതിരെ സോഷ്യല്‍ മീഡിയ Russia ukraine war

യുദ്ധം തുടങ്ങിയതുമുതല്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് യുക്രൈന്‍ ജനത കടന്നുപോകുന്നത്. ഈ സമയം പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി യുക്രൈനിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ ഒരു പ്രകാശഗോപുരമായി ഉയര്‍ന്നുവരുകയായിരുന്നു. യുദ്ധം തുടങ്ങി നാല് മാസത്തിനിപ്പുറം സെലെന്‍സ്‌കി ഇപ്പോള്‍ ഓണ്‍ലൈനില്‍ രൂക്ഷമായി ട്രോള്‍ ചെയ്യപ്പെടുകയാണ്. ഭാര്യയും പ്രഥമ വനിതയുമായ ഒലീന സെലന്‍സ്കിക്കൊപ്പം അദ്ദേഹം വോ​ഗ് മാസികയുടെ കവര്‍ ഫോട്ടോഷൂട്ട് നടത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സ്വന്തം രാജ്യത്ത് റഷ്യ ബോംബിടുമ്ബോള്‍ സെലന്‍സ്‌കി ഫോട്ടോഷൂട്ട് നടത്തുകയാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് പലരും പറയുന്നത്.സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ആനി ലീബോവിറ്റ്‌സാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഒലീന തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുമുണ്ട്. മേശയ്ക്കിരുവശവുമിരുന്ന് കൈകള്‍ ചേര്‍ത്തുപിടിച്ച ചിത്രമടക്കം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

യുക്രൈനിലെ സംഘര്‍ഷാവസ്ഥ തുറന്നുകാട്ടാന്‍ ഒലീന ടാങ്കറുകള്‍ക്കും സൈനീകര്‍ക്കും മദ്ധ്യേ നിന്നെടുത്ത ചിത്രവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നു. ഭാര്യയുമൊത്തുള്ള വോഗ് ഫോട്ടോഷൂട്ട് രാജ്യത്തെ യുദ്ധത്തില്‍ നിന്ന് രക്ഷിക്കുമെന്ന് സെലന്‍സ്‌കി കരുതിയിട്ടുണ്ടാകും എന്ന് പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നിരവധി യുക്രൈന്‍ സൈനികര്‍ ഓരോ ദിവസവും മരിച്ചുവീഴുമ്ബോള്‍ ഫോട്ടോഷൂട്ട് ചെയ്യാനാണ് സെലന്‍സികി ചിന്തിക്കുന്നത്, തുടങ്ങി നിരവധിപ്പേരാണ് വിമര്‍ശന ശരങ്ങള്‍ ഉയര്‍ത്തുന്നത്.