പത്താം ക്ലാസ് പാഠപുസ്‌തകങ്ങളിൽ നിന്ന് ജനാധിപത്യവും ജനകീയ സമരങ്ങളും ഒഴിവാക്കും , എൻ സി ഇ ആർ ടിയുടെ വിശദീകരണം ഇങ്ങനെ

ന്യൂഡൽഹി : പത്താം ക്ളാസിന്റെ പാഠപുസ്‌തകങ്ങളിൽ നിന്ന് പീരിയോഡിക് ടേബിൾ, ജനാധിപത്യം, ഊർജസ്രോതസുകൾ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒഴിവാക്കും. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്‌ക്കാനാണെന്നാണ് എൻ സി ഇ ആർ ടിയുടെ വിശദീകരണം. പരിസ്ഥിതി സുസ്ഥിരത, ജനാധിപത്യത്തിലുള്ള വെല്ലുവിളി, രാഷ്‌ട്രീയ പാർട്ടികൾ, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും എന്നിവ സംബന്ധിച്ച പാഠഭാഗങ്ങളും ഒഴിവാക്കും.

ഗാന്ധിവധം, മുഗൾ ചരിത്രം, ഗുജറാത്ത് കലാപം, പരിണാമ സിദ്ധാന്തം എന്നീ ഭാഗങ്ങൾ മുൻപ് ഒഴിവാക്കിയിരുന്നു. പരിണാമ സിദ്ധാന്തം പുസ്‌തകങ്ങളിൽ നിന്ന് ഒഴിവാക്കിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ വിമർശനങ്ങളെല്ലാം കുപ്രചരണങ്ങളാണ് എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രതികരിക്കുകയുണ്ടായി.

‘കൊവിഡ് കാരണം, വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി കോഴ്‌സുകളുടെ യുക്തിപരമായ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഡാർവിന്റെ സിദ്ധാന്തം എല്ലാ വെബ്സൈറ്റുകളിലും ലഭ്യമാണ്. പന്ത്രണ്ടാം ക്ലാസ് സിലബസിലും ഡാർവിന്റെ സിദ്ധാന്തം പഠിക്കാനുണ്ട്.