ഒരേ വീട്ടില്‍ തന്നെ രണ്ട് തവണ പെണ്ണ് കാണാന്‍ പോയി, വിവാഹം നടക്കാത്തതിനെ കുറിച്ച് തങ്കച്ചന്‍ വിതുര

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടനും മിമിക്രി കലാകാരനുമായ തങ്കച്ചന്‍ വിതുര. സ്റ്റാര്‍മാജിക് ഷോയിലൂടെയാണ് തങ്കച്ചന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഷോയില്‍ നടി അനുക്കുട്ടിയുമായി തങ്കച്ചന്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ എത്തിയിരുന്നു. ഷോയ്ക്കായി ഇരുവരും അങ്ങനെ ഒരു ഇമേജ് നല്‍കുന്നതില്‍ കൂടെ നില്‍ക്കുകയും ചെയ്തു. എന്നാല്‍ തങ്കച്ചന്റെ വിവാഹ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ തന്റെ വിവാഹം കാണണമെന്നുള്ളത് അമ്മയുടെ വലിയ ആഗ്രഹമാണെന്നും എന്നാല്‍ അതിതുവരെ നടന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പെണ്ണ് കാണാന്‍ പോയതിനെ പറ്റിയുമൊക്കെ പറഞ്ഞ് എത്തിയിരിക്കുകയാണ് തങ്കച്ചന്‍. എം ജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് തങ്കച്ചന്‍ മനസ് തുറന്നത്. എല്ലാ അഭിമുഖങ്ങളിലും ചോദിക്കാറുള്ളത് പോലെ തങ്കച്ചന്റെ വിവാഹത്തെ കുറിച്ചാണ് എംജിയും ചോദിച്ചത്. താന്‍ ഒരേ വീട്ടില്‍ തന്നെ രണ്ട് തവണ പെണ്ണ് കാണാന്‍ പോയിട്ടും നടന്നിട്ടില്ലെന്നാണ് നടന്‍ പറഞ്ഞത്.

‘കല്യാണം കഴിച്ചിട്ടില്ല അല്ലേ എന്ന് എംജി ശ്രീകുമാര്‍ ചോദിക്കുമ്പോള്‍ ഇല്ലെന്നാണ് തങ്കച്ചന്റെ ഉത്തരം. എന്താണ് അതിന്റെ കാരണമെന്ന് എംജി ശ്രീകുമാര്‍ ചോദിക്കുമ്പോള്‍ നിമിത്തം അതൊരു ഘടകം ആണെന്നാണ് തങ്കച്ചന്‍ പറയുന്നത്. പെണ്ണ് നോക്കി പോയിട്ടില്ലേ എന്ന ചോദ്യത്തിന് ഞാനിപ്പോള്‍ ഷുഗറൊക്കെ വന്ന് ഇരിക്കുന്നത് പെണ്ണ് കാണാന്‍ പോയിട്ട് ഉള്ള ലഡുവും ജിലേബിയും ഒക്കെ കഴിച്ചിട്ടാണെന്നാണ്’ തങ്കു പറഞ്ഞത്.

മരിക്കുന്നത് വരെ തന്റെ അമ്മയ്ക്ക് ഒരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് തങ്കച്ചന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. അത് തന്റെ വിവാഹമായിരുന്നു. കുടുംബത്തില്‍ ഞാന്‍ മാത്രമാണ് അവിവാഹിതനായി തുടരുന്നത്. സഹോദരങ്ങളെല്ലാം വിവാഹിതരായി. അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ കുടുംബത്തിലെ ഒറ്റത്തടി. എന്നാല്‍ തന്റെ വിവാഹം മനപൂര്‍വ്വം വേണ്ടെന്ന് വച്ചതല്ലെന്നാണ് തങ്കച്ചന്‍ പറഞ്ഞത്. എന്തോ അതങ്ങ് ഒത്ത് വരാതെ ഇരുന്നതാണ്. ആ വലിയ ആഗ്രഹം ബാക്കി വച്ചാണ് അമ്മ പോയത്. അതിനപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിലില്ലെന്നും താരം പറഞ്ഞിരുന്നു.