മേയറുടെ കത്ത്: പൊലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് അട്ടിമറിക്ക് ?

തിരുവനന്തപുരം. തിരുവനന്തപുരം മേയറുടെ കത്തു വിവാദത്തിൽ പൊലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണം ശക്തമായി. സിപിഎമ്മിനെ നാണക്കേട് ഉണ്ടാക്കിയ കോർപറേഷൻ കത്ത് വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് അന്വേഷണം ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. ഇതിനു പിന്നാലെ അന്വേഷണം ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ചിനോടു സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിടുകയായിരുന്നു.

കേസ് അന്വേഷണവുമായി ബന്ധപെട്ടു ക്രൈംബ്രാഞ്ചിനു ഡിജിപി അനിൽകാന്ത് നൽകിയ നിർദേശ പ്രകാരം ‘അന്വേഷിച്ചു റിപ്പോർട്ട് ചെയ്യുക’ (എൻക്വയർ ആൻഡ് റിപ്പോർട്ട്) എന്നു മാത്രമാണ് പറഞ്ഞിട്ടുള്ളത് . എസ്പി എസ്.മധുസൂദ‍നന് ഈ നിർദേശമാണ് ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് കൈമാറിയത്. കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. കേസെടുത്ത് അന്വേഷിക്കാൻ ആവശ്യപ്പെടാതിരിക്കെ അന്വേഷണം വെറും ഒരു പ്രഹസനം എന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.

അതേസമയം, ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറായിട്ടും മേയർ ആര്യ രാജേന്ദ്രന്റെ മൊഴി പോലും രേഖപ്പെടുത്തിയതായി വിവരമില്ല. ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നതിന്റെ മുന്നോടിയായി നടക്കാറുള്ള യോഗം പോലും ഇതുവരെ ചേർന്നിട്ടില്ല.

അന്വേഷണം ആരംഭിച്ചാൽ താന്നെ പ്രഥമമായി മേയറുടെ മൊഴി രേഖപ്പെടുത്തുകയാണ് വേണ്ടത്. എന്നാൽ മാത്രമേ അന്വേഷണം മുന്നോട്ടു പോകൂ. കത്ത് വാട്സാപ്പിലൂടെയാണു പ്രചരിക്കപ്പെടുന്നത്. കത്തിന്റെ നിജസ്ഥിതി അറിയാൻ ഏതു രീതിയിലുള്ള ശാസ്ത്രീയ പരിശോധനയാണു വേണ്ടതെന്നും ക്രൈംബ്രാഞ്ച് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം. കേരള പൊലീസിലെ ലോക്കൽ വിഭാഗം അന്വേഷിച്ചാൽ പുഷ്പം പോലെ കണ്ടെത്താവുന്ന വിവരങ്ങൾ ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചതിലും ദുരൂഹതയാണ് ഉണ്ടായിരിക്കുന്നത്. സാധാരണ ലോക്കൽ പോലീസ് അന്വേഷണം ശരിയാം വിധമല്ലെന്നു ആക്ഷേപം ഉണ്ടാവുമ്പോഴാണ് ഇത്തരം കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറാറുള്ളത്. പൊലീസ് അന്വേഷിക്കേണ്ട കേസ് നേരിട്ട് ക്രൈംബ്രാഞ്ചിനു കൈമാറിയത് കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണം ഇതോടെ ശക്തിപ്പെടുകയാണ്.