യുവാവിനെ മര്‍ദ്ദിച്ച സംഭവം സെന്‍ട്രല്‍ എസി അന്വേഷിക്കും, ‘ലാത്തി കൊണ്ട് അടിച്ചു, കരണത്തടിച്ചു’

കൊച്ചി . യുവാവിനെ പൊലീസ് അകാരണമായി മര്‍ദിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാൻ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറോട് ആണ് ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് കിട്ടിയ ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും – സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

കാക്കനാട് സ്വദേശി റിനീഷ് എന്ന യുവാവിനെ നോര്‍ത്ത് എസ്എച്ച്ഒ അകാരണമായി മര്‍ദ്ദിച്ചു എന്നാണ് പരാതി. യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് ലാത്തി കൊണ്ട് തല്ലുകയും മുഖത്തടിക്കുകയും ചെയ്തതായാണ് യുവാവിന്റെ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ ‘പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസ് പറഞ്ഞിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തെന്നും എന്നാൽ മര്‍ദിച്ചിട്ടില്ലെന്നുമാണ് നോര്‍ത്ത് പോലീസ് നൽകിയിരിക്കുന്ന വിശദീകരണം.

റിനീഷ് നോര്‍ത്ത് പാലത്തിന് സമീപത്തിരിക്കുമ്പോള്‍ പൊലീസെത്തുകയും എവിടെയാണ് വീടെന്ന് ചോദിക്കുകയും ആയിരുന്നു. കാക്കനാട് ആണ് വീട് എന്ന് പറഞ്ഞ പിന്നാലെ ഫോണ്‍ പരിശോധിക്കണമെന്നായി. ഫോണ്‍ കൊടുക്കില്ലെന്ന് റിനീഷ് പറഞ്ഞു. ശേഷം റിനീഷിനെ പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞു. പോക്കറ്റില്‍ എന്താണെന്ന് പോലീസ് ചോദിച്ചു.

ഒരു ഹെഡ്‌സെറ്റ് മാത്രമാണുണ്ടായിരുന്നത്. ഹെഡ്‌സെറ്റ് പുറത്തേക്കെടുക്കാന്‍ തുടങ്ങുന്നതിനിടെ പോലീസ് ലാത്തി കൊണ്ട് അടിച്ചു. എന്തിനാണ് അടിക്കുന്നതെന്ന് ചോദിക്കുന്നതിന് മുന്‍പുതന്നെ കവിളത്ത് ശക്തിയായി അടിച്ചു. പിന്നാലെ റിനീഷിനു തലകറക്കവും ഛര്‍ദിയുമുണ്ടായി. ഒരു ഭാഗം മരവിച്ചപോലെ അനുഭവപ്പെട്ടു. അത്ര ശക്തമായാണ് പോലീസ് അടിക്കുന്നത്.

തുടർന്ന് പോലീസ് റിനീഷിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍വെച്ച് റിനീഷ് ഛര്‍ദിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. ശേഷം അഞ്ച് മണിയോടെ വിട്ടയക്കുകയായിരുന്നു. ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് റിനീഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. മാന്‍പവര്‍ സപ്ലൈയുമായി ബന്ധപ്പെട്ട കമ്പനിയിലെ ജീവനക്കാരനാണ് റിനീഷ്. റെയില്‍വേ സ്റ്റേഷനിലും മറ്റുമായി ജോലി തേടിവരുന്നവരുമായി സംസാരിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് റിനീഷ് പറഞ്ഞിരിക്കുന്നത്.