രാജ്യം ഭരിക്കുന്നത് സുസ്ഥിരവും നിർഭയവും നിർണ്ണായകവുമായ സർക്കാർ – രാഷ്‌ട്രപതി

ന്യൂഡൽഹി. വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രവർത്തിക്കുന്ന സുസ്ഥിരവും നിർഭയവും നിർണ്ണായകവുമായ ഒരു സർക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് ലോക്‌സഭയുടേയും രാജ്യസഭയുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമ്മു. രാഷ്ട്രപതിയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് ദ്രൗപതി മുർമ്മു ഇക്കാര്യം പറഞ്ഞത്. ഇന്ന് രാജ്യത്തുള്ളത് വലിയ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കുന്ന സ്ഥിരതയുള്ള ഭയമില്ലാത്ത നിശ്ചയദാർഢ്യമുള്ള സർക്കാരാണ് രാഷ്ട്രപതി പറഞ്ഞു.

ലോകം മുഴുവൻ വിവിധ കോണുകളിലൂടെ നമ്മുടെ രാജ്യത്തെ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ ആത്മവിശ്വാസം വളരെ വലുതാണ്. ലോകത്തിലെ പല പ്രശ്‌നങ്ങൾക്കും ഇന്ത്യ പരിഹാരം നിർദ്ദേശിക്കുന്നു. തീവ്രവാദത്തിനെതിരായ ശക്തമായ നടപടിയായ മിന്നലാക്രമണം മുതൽ ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 അസാധുവാക്കുക, മുത്തലാഖ് റദ്ദാക്കുക തുടങ്ങിയവയെല്ലാം സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ രേഖകളാണെന്നും ദ്രൗപതി മർമ്മു പറയുകയുണ്ടായി.

ഇന്ത്യയുടെ ആത്മവിശ്വാസം ഇന്ന് ഏറ്റവും ഉയർന്ന നിലയിലാണ്, ലോകം നമ്മെ മറ്റൊരു വീക്ഷണകോണിൽ നിന്ന് നോക്കുന്നു, ഇന്ത്യ ലോകത്തിന് പരിഹാരങ്ങൾ നൽകുന്നു. 2047 ആകുമ്പോഴേക്കും ഭൂതകാലത്തിന്റെ പ്രൗഢിയുമായി ബന്ധപ്പെട്ടുകിടക്കുന്ന, ആധുനികതയുടെ എല്ലാ സുവർണ അധ്യായങ്ങളും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രം നാം കെട്ടിപ്പടുക്കേണ്ടതുണ്ട്. – ദ്രൗപതി മർമ്മു പറഞ്ഞു.

‘ആത്മനിർഭർ’, മാനുഷിക കടമകൾ നിറവേറ്റാൻ കഴിവുള്ള ഒരു ഇന്ത്യയെ നാം കെട്ടിപ്പടുക്കണം. വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രവർത്തിക്കുന്ന സുസ്ഥിരവും നിർഭയവും നിർണ്ണായകവുമായ ഒരു സർക്കാരാണ് ഇന്ന് രാജ്യത്തുള്ളത്. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് മുതൽ മുത്തലാഖ് റദ്ദാക്കുന്നത് വരെ എന്റെ സർക്കാർ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. രാഷ്‌ട്രപതി പറഞ്ഞു.

അഴിമതി അവസാനിപ്പിക്കാൻ ഫലപ്രദമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും ഏറ്റവും വലിയ ശത്രു അഴിമതിയാണെന്ന വ്യക്തമായ അഭിപ്രായമാണ് സർക്കാരിനുള്ളത്. നേരത്തെ നികുതി റീഫണ്ടിനായി ഏറെ കാത്തിരിപ്പായിരുന്നു. ഇന്ന്, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് ലഭിക്കും. സമ്പൂർണ സുതാര്യതയോടെ കോടിക്കണക്കിന് ആളുകൾക്ക് 27 ലക്ഷം കോടിയിലധികം രൂപ നൽകി.- ദ്രൗപതി മർമ്മു പറഞ്ഞു.

ഇന്ന് സുതാര്യതയ്ക്കൊപ്പം നികുതിദായകരുടെ അന്തസ്സും ജിഎസ്ടിയിലൂടെ ഉറപ്പാക്കപ്പെടുകയാണ്. കോവിഡ് -19 മഹാമാരിയുടെ കാലത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കോടിക്കണക്കിന് ആളുകളെ രക്ഷിക്കാൻ ഇത്തരം പദ്ധതികളും സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനും അവരെ ശാക്തീകരിക്കാനുമാണ് സർക്കാർ പ്രവർത്തിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപതി മർമ്മു പറഞ്ഞു.