രണ്ട് പേരും മരണത്തിന് കീഴടങ്ങി; പതിനാറുകാരിയെ അവന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്തിന്‌

പാലക്കാട്ട് കാമുകീ കാമുകന്മാർ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ നാടൊന്നാകെ വിറങ്ങലിച്ച് നിൽക്കുകയാണ്.പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തുകയായിരുന്നു ഇരുപത്തിയൊന്നുകാരന്‍. കൊല്ലങ്കോട് കിഴക്കേ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇരുവർക്കും 95 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും സൂചനയുണ്ട്.

പെൺകുട്ടി സ്വന്തം തീരുമാനപ്രകാരമാണ് ഇരുപത്തിയൊന്നുകാരന്റെ വീട്ടിലേക്കെത്തിയതെന്ന വിവരമാണ് പൊലീസിന് ലഭിക്കുന്നത്. ഇത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നുള്ള കാര്യം പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷമേ പറയാനാകൂ എന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പൊള്ളലേറ്റ ഇരുവരും മരിച്ച സാഹചര്യത്തിൽ ഇവരുടെ അവസാന ഫോൾ കോളുകളുടെ ഡീറ്റയിൽസ് ഉൾപ്പടെ ശേഖരിച്ച് കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവൂ.

മരിച്ച ബാലസുബ്രഹ്മണ്യത്തിന്റെ രണ്ട് അനുജന്മാർ മാത്രമാണ് ധന്യ എത്തുമ്പോൾ വീട്ടിലുണ്ടായിരുന്നത്. അമ്മയും അച്ഛനും പുറത്ത് പോയിരിക്കുകയായിരുന്നു. റൂമിൽ നിന്ന് പുക ഉയരുന്നതുകണ്ടതിന് പിന്നാലെയാണ് ഇരുവരും ശരീരത്തിൽ തീ പിടിച്ച നിലയിൽ പുറത്തേക്കിറങ്ങിയോടിയത്. ഇവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ അഞ്ച് വർഷം കഴിഞ്ഞ് കല്യാണം നടത്താമെന്ന് സമ്മതിച്ചതാണെന്ന് സുബ്രഹ്മണ്യത്തിന്റെ അമ്മ പറയുന്നു. പിന്നെയെന്തിനാണ് ഇവരിത് ചെയ്തതെന്ന് അറിയില്ലെന്ന് അമ്മ വ്യക്തമാക്കുന്നു. ട്യൂഷനു പോകുന്നെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്. പെട്രോളൊഴിച്ചാകാം ഇവർ തീ കൊളുത്തിയതെന്നാണ് ഡോക്ടർമാർ പറയുന്നത്.