മത വിശ്വാസത്തിന്റെ പേരിൽ പ്രധാന അധ്യാപിക ദേശീയപതാക ഉയർത്തിയില്ല

സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയർത്തുന്നത് മത വിശ്വാസത്തിനെതി രാണെന്നു പറഞ്ഞ പ്രധാന അധ്യാപികക്കെതിരെ പരാതി. തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായ തമിള്‍സെല്‍വിയാണ് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ വിസമ്മതിച്ചത്.

ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് നല്‍കുന്നത് മതവിശ്വാസത്തിന് എതിരാണെന്നായിരുന്നു അധ്യാപികയുടെ വാദം. തുടര്‍ന്ന് സ്കൂളിൽ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു. ദേശീയപതാക ഉയര്‍ത്താന്‍ വിസമ്മതിച്ച ഹെഡ്മിസ്ട്രസ് തമിള്‍സെല്‍വിക്കെതിരെ ധര്‍മ്മപുരിയിലെ ചീഫ് എഡ്യൂക്കേഷന്‍ ഓഫീസര്‍ക്കാണ് പരാതി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ അധ്യാപിക ഓഗസ്റ്റ് 15 നു അവധിയെടുത്ത് മുങ്ങുകയായിരുന്നു.

താന്‍ യാക്കോബ ക്രിസ്റ്റ്യൻ മതവിശ്വാസിയാണെന്നും, ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് നല്‍കാതിരുന്നത് മതവിശ്വാസം അനുവദിക്കാത്തതിനാലാണെന്നുമാണ് തമിള്‍സെല്‍വി വിശദീകരിച്ചിരിക്കുന്നത്. ദേശീയപതാകയോട് തനിക്ക് അനാദരവില്ല. താന്‍ ദൈവത്തെ മാത്രമേ സല്യൂട്ട് ചെയ്യുകയും നമസ്‌കരിക്കുകയും ചെയ്യൂ. അതുകൊണ്ടാണ് പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്യുന്നതില്‍ നിന്നും മാറി നിന്നത്. തമിള്‍സെല്‍വി പറയുന്നു.