ആഡംബരക്കപ്പൽ കടലിൽ മുങ്ങി താഴ്ന്നു, ദൃശ്യങ്ങൾ വൈറലായി.

ഗല്ലിപോളിയിൽനിന്നു മിലാസോയിലേക്കു പോവുകയായിരുന്ന 130 അടി നീളമുള്ള ആഡംബരക്കപ്പൽ മെഡിറ്റേറിയൻ കടലിൽ മുങ്ങിത്താഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് ആണ് കപ്പൽ കടലിൽ മുങ്ങിത്താഴുന്നതിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കപ്പലിൽ നാലു യാത്രക്കാരും അഞ്ചു ജീവനക്കാരും ഉൾപ്പെടെ ഒൻപതു പേർ ഉണ്ടായിരുന്നു. ഇവരെയെല്ലാം കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നു ബിബിസി റിപ്പോർട്ട് ചെയ്യുകയുണ്ടായി. 2007ൽ മോണാകോയിൽ നിർമിച്ച ‘സാഗ’ എന്ന ആഡംബര കപ്പലാണു മുങ്ങിയതെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീരത്ത് നിന്ന് 14.5 കിലോമീറ്റർ അകലെ വെച്ചായിരുന്നു ദുരന്തം.

കപ്പൽ മുങ്ങിയത് ഗല്ലിപോളിയിൽനിന്നു മിലാസോയിലേക്കുള്ള യാത്രക്കിടെയാണ്. അപകടകാരണം അറിവായിട്ടില്ല. ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നു. കാലാവസ്ഥയും കടലിലെ സാഹചര്യവും പ്രതികൂലമായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കോസ്റ്റ് ഗാർഡ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കപ്പൽ അതിവേഗം മുങ്ങിയെന്നും തിരിച്ചെടുക്കാൻ കഴിഞ്ഞില്ലെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.