മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിക്കെതിരെ എന്‍സിബിയും കേസെടുക്കും

മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റിനു പിന്നാലെ ബിനീഷ് കോടിയേരിക്കെതിരെ എന്‍സിബിയും കേസെടുക്കും. എന്‍സിബി ഉദ്യോഗസ്ഥര്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തെത്തി വിവരങ്ങള്‍ ശേഖരിക്കും. ലഹരി ഇടപാടിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയാണ് നിര്‍ണായക തെളിവായി മാറിയിരിക്കുന്നത്. 20 അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ വന്നിട്ടുണ്ട്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്‌സ്‌മെന്റിനോട് സമ്മതിക്കുകയായിരുന്നു.

ബിനീഷും അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചിരുന്നു. 20 അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ വന്നിട്ടുണ്ട്. ആരാണ് പണം തന്നതെന്ന് വ്യക്തമാക്കാന്‍ അനൂപിന് സാധിച്ചിരുന്നില്ല. ബിനീഷ് പണം നല്‍കി സഹായിച്ചിട്ടുണ്ട് എന്ന് അനൂപ് പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും തുക പലരില്‍ നിന്നായി ലഭിച്ചതും ബിനീഷിന്റെ നിര്‍ദ്ദേശപ്രകാരമാണോ എന്ന് ഇഡി പരിശോധിച്ചു വരികയാണ്. ബിനീഷ് കോടിയേരിക്ക് ബാംഗ്ലൂരില്‍ ബിനാമി ഇടപാടുകളുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.

പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലാണ് ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ പണം നല്‍കിയതെന്ന നിര്‍ണായക വെളിപ്പെടുത്തല്‍ അനൂപ് നടത്തിയത്. ഇതാണ് ബിനീഷിനെതിരായ പ്രധാന തെളിവായി മാറിയത്. പണം നല്‍കിയവരില്‍ നിരവധി മലയാളികളുമുണ്ട്.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബംഗളുരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫീസിലാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

കേസില്‍ അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതിന് തൊട്ടുപിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിനേയും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്. ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. ഇതിനു ശേഷം പുറത്തുകൊണ്ടുവന്ന ബിനീഷിനെ പൊലീസ് വാഹനത്തില്‍ സിറ്റി സിവില്‍ കോടതിയിലേക്ക് കൊണ്ടുപോയി. കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാലുദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു.

നേരത്തെ ബംഗളുരു ലഹരിമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധം പുറത്ത് വന്ന സാഹചര്യത്തില്‍ത്തന്നെ സ്വര്‍ണ്ണക്കടത്തും ലഹരിമരുന്ന് കേസുമായുള്ള ബന്ധവും ബിനീഷില്‍ നിന്ന് ഇഡി ചോദിച്ചറിഞ്ഞിരുന്നു. അതോടൊപ്പം യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ്ങിനുള്ള കരാര്‍ ലഭിച്ച യുഎഫ്എക്‌സ് സൊലൂഷന്‍സ് എന്ന സ്ഥാപനവുമായി ബിനീഷിനുള്ള ബന്ധവും ആരാഞ്ഞിരുന്നു.