325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് പരിക്കേൽക്കുകയായിരുന്നു

അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറന്ന വിമാനം പെട്ടന്ന് ആകാശച്ചുഴിയിൽപ്പെടുകയായിരുന്നു. 325 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വിമാനം ബ്രസീലിലെ നതാൽ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിമാനത്തിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. ആകാശച്ചുഴിയിൽപ്പെട്ടതോടെ യാത്രക്കാരോട് സീറ്റ് ബെൽറ്റ് ധരിക്കാൻ ജീവനക്കാർ നിർദേശം നൽകിയിരുന്നു. ഇതിനാൽ വൻ അപകടം ഒഴിവായെന്നും സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കാണ് പരിക്കേറ്റതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.