മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവര്‍ധന പഠിക്കാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷൻ.

 

തിരുവനന്തപുരം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ഇതൊന്നും തങ്ങൾക്കൊരു പ്രശ്നമല്ലെന്ന മട്ടിൽ സർക്കാർ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടാൻ പോകുന്നു. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവര്‍ധവിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ സർക്കാർ ചുമതലപ്പെടുത്തി. ആറ് മാസത്തിനകം ഇത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി സഭാ യോഗത്തിന്റെ നിർദേശം.

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വേതനം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നാവശ്യം ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് കമ്മീഷനെ വെക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം എന്നാണു സർക്കാരിന്റെ അവകാശ വാദം. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ ഇത് സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് കമ്മീഷനെ വെക്കാനുള്ള മന്ത്രിസഭയുടെ തീരുമാനമെന്നതാണ് ഇക്കാര്യത്തിൽ അമ്പരപ്പിക്കുന്നത്.

ഇതിനിടെ കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കത്തെഴുതി. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും റവന്യു കമ്മി ഗ്രാന്റ് കുറച്ചതും കടമെടുപ്പു വെട്ടിക്കുറച്ചതും ഭരണഘടനാ തത്വങ്ങള്‍ക്കും കോടതി വിധികള്‍ക്കും എതിരാണെന്ന് പറഞ്ഞാണ് കത്തെഴുതിയിരിക്കുന്നത്. കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായുള്ള നടപടിക്രമം പാലിക്കാനാണു കത്തു നല്‍കിയതെന്നും സൂചനയുണ്ട്.